റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകാനായി ഒരുക്കിയ യാത്രാ സൗകര്യങ്ങള്‍ പേരിന് മാത്രമായി മാറി. ആയിരക്കണക്കിനാളുകള്‍ യാത്രാ സൗകര്യം ലഭിക്കാതെ കടുത്ത മാനസിക പ്രയാസത്തിലാണ് കഴിയുന്നത്. അടിയന്തിരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് തങ്ങളുടെ ഊഴം കാത്തിരിക്കുന്നത്. അനിശ്ചിതമായി തുടരുന്ന കാത്തിരിപ്പില്‍ പലര്‍ക്കും ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത നഷ്ടങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഗര്‍ഭിണികള്‍, രോഗികള്‍, പ്രായം ചെന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതിന് വിരുദ്ധമായ അനുഭവങ്ങള്‍ ഉണ്ടായതായി പ്രവാസികള്‍ നേരത്തെ തന്നെ ആക്ഷേപമുന്നയിച്ചിരുന്നു.
177 പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് പകരം എയര്‍ ഇന്ത്യയുടെ ജംബോ വിമാനം സജ്ജമാക്കുകയാണെങ്കില്‍ അതിന്റെ ഇരട്ടി പേര്‍ക്ക് യാത്ര ചെയ്യാനാകും. എന്നാല്‍, എന്തു കൊണ്ടാണ് അത്തരത്തില്‍ അധികാരികള്‍ ചിന്തിക്കാത്ത തെന്ന് ഇതു വരെ വ്യക്തമല്ല. എങ്ങനെയെങ്കിലും നാടണയാനുള്ള പ്രാര്‍ത്ഥനയുമായി ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ കേഴുകയാണ്. യുഎഇയില്‍ നിന്ന് ആഴ്ചയില്‍ ഒന്നോ രണ്ടോ വിമാനം കേരളത്തിലേക്ക്
പോയതു കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുകയില്ല. പതിനായിരക്കണക്കിന് പേര് ഊഴം കാത്തു നില്ക്കുമ്പോള് മുന്നൂറോ നാനൂറോ പേര് മാത്രം കര പറ്റുകയെന്നത് ആശ്വാസകരമല്ല.
എത്രയും വേഗം വിമാനങ്ങളുടെ എണ്ണവും വലിപ്പവും വര്‍ധിപ്പിക്കുകയാണെങ്കില്‍ നിരവധി പേര്‍ക്ക് നാട്ടിലെത്താന്‍ കഴിയും. കേരളത്തിലെ നാലു വിമാനത്താവളങ്ങള്‍ സമ്പൂര്‍ണ സജ്ജമായിരിക്കെ എന്തു കൊണ്ട് കൂടുതല്‍ വിമാനം ഏര്‍പ്പെടുത്തുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. മാത്രമല്ല, തിരിച്ചു വരുന്ന പതിനായിരക്കണക്കിന് പ്രവാസികളെ സ്വീകരിക്കാന്‍ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ത യാറാണെന്ന് അറിയിച്ചിട്ടും ബന്ധപ്പെട്ടവര്‍ മുഖവിലക്കെടുക്കുന്നില്ല എന്നതാണ് സത്യം.
പ്രവാസികളെ തിരികെ എത്തിക്കാന്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന മുറവിളി അവസാനിപ്പിക്കാനുള്ള തന്ത്രം എന്നതിലുപരി പ്രശ്ന പരിഹാരത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല. എത്രത്തോളം വിജയകരമാകുമെന്ന് പ്രവചിക്കാനാവില്ലെങ്കിലും കപ്പല്‍ സര്‍വീസിന്റെ കാര്യവും പരിഗണിക്കപ്പെട്ടതായി അറിവില്ല. പ്രവാസികളുടെ കാര്യത്തില്‍ ഇനിയും അമാന്തം കാണിക്കുകയാണെങ്കില്‍ പ്രവാസികളോട് കാണിക്കുന്ന അനീതി തുടരുകയാണെന്ന് പറയേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.