റസാഖ് ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് നാടുകളില്‍ നിന്നും നാട്ടിലേക്ക് പോകാനുള്ള യാത്രാ സൗകര്യം 7ന് ആരംഭിക്കുമെന്ന വാര്‍ത്ത ആഹ്ളാദപൂര്‍വമാണ് പ്രവാസികള്‍ വരവേറ്റത്. കഴിഞ്ഞ രണ്ടു മാസമായി മുടങ്ങിക്കിടക്കുന്ന യാത്രാ സൗകര്യം പുനരാരംഭിക്കുന്നതോടെ പ്രയാസമനുഭവിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് നാടണയാന്‍ വഴിയൊരുങ്ങുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വിമാനം, കപ്പല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, നിരക്കിന്റെ കാര്യത്തില്‍ ഇനിയും ആശങ്ക അവശേഷിക്കുന്നുണ്ട്. വലിയ തുക നല്കി യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലേത്. പരമാവധി ചെറിയ തുകക്ക് ടിക്കറ്റ് ലഭ്യമാക്കുകയെന്ന കടമ കൂടി കേന്ദ്രം നിര്‍വഹിക്കണമെന്ന അഭ്യര്‍ത്ഥനയാണ് പ്രവാസികള്‍ക്കുള്ളത്. ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യാന്‍ കാത്തിരിക്കുന്നതു കൊണ്ട് തോന്നിയ പോലെ നിരക്ക് ഈടാക്കി പ്രവാസികളെ കൊല്ലാക്കൊല ചെയ്യരുതെന്ന് പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു. യാത്രക്കാരുടെ വര്‍ധനക്കനുസരിച്ചുള്ള നിരക്ക് വര്‍ധിപ്പിക്കുന്ന പതിവ് രീതി മാറ്റി, സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിധത്തില്‍ ഏകീകൃത നിരക്ക് നടപ്പാക്കിയില്ലെങ്കില്‍ പ്രവാസികള്‍ കൂടുതല്‍ ദുരിതത്തിലായി മാറുമെന്നതില്‍ സംശയമില്ല.
നൂറുകണക്കിനു പേര്‍ക്ക് കഴിഞ്ഞ മാസം തുടക്കത്തില്‍തന്നെ നിരവധി തൊഴില്‍ സ്ഥാപനങ്ങള്‍ ദീര്‍ഘ കാല വേതന രഹിത അവധി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ, ഏറെ പ്രയാസപ്പെട്ടാണ് കഴിഞ്ഞ മാസം തള്ളിനീക്കിയതെന്ന് കണ്ണൂര്‍ സ്വദേശി അഷ്റഫ് പറഞ്ഞു. താമസിക്കുന്ന ഫ്ളാറ്റിന്റെ വാടക കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഭക്ഷണം കെഎംസിസിയുടെ കാരുണ്യം നിറഞ്ഞ സഹായത്തോടെയാണ് കഴിഞ്ഞു പോയതെന്ന് അഷ്റഫ് വ്യക്തമാക്കി. ടിക്കറ്റെടുക്കാന്‍ എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് അറിയില്ല. വന്‍കിട-ഇടത്തരം-ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്ന വ്യത്യാസമില്ലാതെയാണ് പ്രവാസികള്‍ പ്രയാസം നേരിടുന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടിട്ടുള്ളത്.
പൂര്‍ണമായും ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ടവര്‍ അനവധിയാണ്. തൊഴില്‍ കരാറില്‍ തുഛമായ അടിസ്ഥാന ശമ്പളമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നതിനാല് പിരിഞ്ഞു പോകുമ്പോള്‍ ഇവര്‍ക്ക് കാര്യമായി ഒന്നും കിട്ടാനില്ല. കിട്ടിയാല്‍ രണ്ടു മാസത്തെ താമസ വാടകയും കൊടുക്കാനുള്ളവര്‍ക്ക് കൊടുത്ത് കടം വീട്ടാനും മാത്രമേ ഉണ്ടാവുകയുള്ളൂ. വിമാന ടിക്കറ്റിന് വേറെയും കടം വാങ്ങേണ്ടി വരുമെന്ന സ്ഥിതിയാ ണുള്ളത്. എന്നാല്‍, കടം കിട്ടാനും സാധ്യതയില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട മഞ്ചേരി സ്വദേശി ഇഖ്ബാല്‍ പറയുന്നു. വിമാന നിരക്ക് ഏകീകരിക്കുകയും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ നാട് കാണുകയെന്ന മോഹം സഫലമാവില്ലെന്ന് കൊടുങ്ങല്ലൂര്‍ സ്വദേശി മജീദ് പറയുന്നു.
നാട്ടില്‍ ആശ്രിതര്‍ക്ക് നിത്യച്ചെലവിന് പണം അയച്ചു കൊടുക്കാന്‍ കഴിയാത്തതിലും പ്രവാസികള്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. യാതൊന്നും മിച്ചമില്ലാത്തവര് വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ എല്ലാവര്ക്കു മുന്നിലും ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യചിഹ്നമായി മാറുകയാണ്.
കപ്പല്‍ യാത്ര: ആവശ്യക്കാര്‍ കുറഞ്ഞേക്കും
അബുദാബി: കപ്പല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിലും യാത്രക്കാരുടെ എണ്ണം എത്രത്തോളം ഉണ്ടാകുമെന്ന് പറയാനാവില്ല. യുഎഇയില്‍ നിന്നും കേരളത്തിലെത്താന്‍ മൂന്നു ദിവസത്തെ യാത്ര വേണ്ടി വന്നേക്കും. എന്നാല്‍, നിലവിലെ സ്ഥിതിയില്‍ ഇത്രയും ദീര്‍ഘിച്ച യാത്ര ചെയ്യാന്‍ തയാറാകുന്നവര്‍ അധികമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്നര മണിക്കൂര്‍ കൊണ്ട് നാടണയാന്‍ കഴിയുമെന്നത് വലിയ ആശ്വാസമായാണ് പ്രവാസികള്‍ കാണുന്നത്. എന്നാല്‍, മൂന്നു ദിവസത്തെ യാത്ര കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന ആശങ്ക പലരും പങ്കു വെക്കുന്നുണ്ട്. രോഗബാധിതരോ മറ്റു പ്രയാസങ്ങള്‍ ഉള്ളവരോ ഉണ്ടെങ്കില്‍ ആരോഗ്യകരമായ നിരവധി പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്.
അതേസമയം, വിമാന ടിക്കറ്റ് നിരക്ക് നിര്‍ണയിക്കുന്നതിന് ആശ്രയിച്ചായിരിക്കും കപ്പല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കാന്‍ കഴിയുക. ഇന്നോ നാളെയോ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. സര്‍വീസ് ആരംഭിക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ ഇതുസംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് പ്രവാസികള്‍ക്കിടയില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ എംബസി, മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.