ജലീല്‍ പട്ടാമ്പി
ദുബൈ: കോവിഡ് 19മായി ബന്ധപ്പെട്ട് പ്രവാസികളുടെ തിരിച്ചു പോക്കിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാറിന്റെ ‘വന്ദേ ഭാരത്’ മിഷന്‍ ഭാഗമായ വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് കേരളത്തിലെത്തി. ആദ്യ വിമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യാഴാഴ്ച വൈകുന്നേരം അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ രാത്രി 9.40ഓടെ എത്തിച്ചേര്‍ന്നു. വ്യാഴം 4.15നാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും 4.55നാണ് വിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടത്. 177 യാത്രക്കാരാണ് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിലുള്ളത്.
എല്ലാ യാത്രക്കാരുടെയും ഐജിജി/ഐജിഎം ടെസ്റ്റുകള്‍ നടത്തി ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു ബോര്‍ഡിംഗ് നടപടികള്‍ ആരംഭിച്ചത്.
189 യാത്രക്കാരുമായാണ് വൈകുന്നേരം 5.50ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നത്.
അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍, ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ യാത്രക്കാരുടെ നടപടികളുടെ മേല്‍നോട്ടത്തിനും ഉപദേശ നിര്‍ദേശങ്ങള്‍ക്കുമായി എത്തിച്ചേര്‍ന്നിരുന്നു.
പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും രോഗികളും ജോലി നഷ്ടപ്പെട്ടവരും അടക്കം അടിയന്തിരമായി നാട്ടിലെത്തേണ്ട ആകെ 354 യാത്രക്കാരാണ് ഈ വിമാനങ്ങളിലുണ്ടായിരുന്നത്. രണ്ടു വിമാനങ്ങളിലുമായി 49 ഗര്‍ഭിണികളും 5 നവജാത ശിശുക്കളുമുണ്ടെന്നാണ് വിവരം.
കോഴിക്കോട് രാത്രി 10 മണിയോടെയയാണ് വിമാനം എത്തിയത്. ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും മുന്‍ഗണന നല്‍കിയായിരുന്നു യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുന്‍പ് യാത്രക്കാരോട് എയര്‍പോര്‍ട്ടുകളില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രജിസ്‌ട്രേഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇപ്പോള്‍ നാട്ടിലേക്ക് പോയിരിക്കുന്നത്. വരുംദിവസങ്ങളിലായി കൂടുതല്‍ വിമാനങ്ങള്‍ യുഎഇയില്‍ നിന്നും സര്‍വീസ് നടത്തും. 228,000 പേരാണ് എംബസിയില്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്തത്. നോര്‍ക നേരത്തെ നടത്തിയ രജിസ്‌ട്രേഷനില്‍ 430,000 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപേക്ഷകരില്‍ അത്യാവശ്യ വിഭാഗത്തില്‍പ്പെട്ടവരെയാണ് ആദ്യ വിമാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അതേസമയം ഇന്നലെ യാത്രക്കാരുടെ ലിസ്റ്റ് തയ്യാറാക്കി ഫോണില്‍ വിളിച്ചപ്പോള്‍ പലരും യാത്ര ചെയ്യാന്‍ സന്നദ്ധരായിരുന്നില്ല. പലരും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി. ഒടുവില്‍ രണ്ടാമത് ലിസ്റ്റ് തയ്യാറാക്കിയാണ് രണ്ട് വിമാനങ്ങളിലും യാത്രക്കാരെ തികച്ചത്. ഈ സമയം അത്യാവശ്യക്കാരെ പ്രത്യേക അപേക്ഷ പ്രകാരം ഉള്‍പ്പെടുത്തിയതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു. യുഎഇയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം മെയ് 12ന് ദുബൈയില്‍ നിന്ന് പുറപ്പെടും.
‘നാട്ടിലേക്ക് പോകുന്നത് സുരക്ഷ കരുതി’
ദുബൈ: ദുബൈയില്‍ നിന്ന് ഇന്നലെ നാട്ടിലേക്ക് പുറപ്പെട്ടവരില്‍ കോഴിക്കോട് അത്തോളി സ്വദേശിയും ഷാര്‍ജ-അത്തോളി പഞ്ചായത്ത് കെഎംസിസി ട്രഷററുമായ മുസ്തഫ കൊളക്കാടനും. 56 വയസുള്ള താന്‍ ഭയം കൊണ്ടാണ് നാട്ടിലേക്ക് പോകുന്നതെന്ന് മുസ്തഫ പറഞ്ഞു. ”ബൈപാസ് സര്‍ജറി കഴിഞ്ഞയാളാണ് ഞാന്‍. കോവിഡ് കാലമായതിനാല്‍ ശ്രദ്ധയും സുരക്ഷയും കൂടുതല്‍ വേണമെന്ന് കരുതിയാണ് നാട്ടില്‍ പോകുന്നത്. 20 വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നു. നാലഞ്ചു മാസം കഴിഞ്ഞിട്ട് തിരിച്ചു വരാം എന്ന പ്രതീക്ഷയിലാണ് പോകുന്നത്” -മുസ്തഫ പറഞ്ഞു.
കോവിഡ് 19ന്റെ ആസുര കാലത്ത് കെഎംസിസി എന്ന പ്രസ്ഥാനം നിര്‍വഹിക്കുന്നത് അഭിമാനകരമായ ദൗത്യമാണെന്ന് പറഞ്ഞ മുസ്തഫ, അശരണര്‍ക്ക് അത്താണിയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവാന്‍ തനിക്ക് കഴിഞ്ഞതിലുള്ള സന്തോഷവും പങ്കു വെച്ചു.
എയര്‍പോര്‍ട്ടില്‍ റാപിഡ് ടെസ്റ്റ് നടത്തി കോവിഡ് 19 ഇല്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.