യുഎഇയില്‍ നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുമോയെന്ന് ഹൈക്കോടതി

  39

  കേന്ദ്ര നിലപാട് വ്യാഴാഴ്ച അറിയിക്കാന്‍ നിര്‍ദേശം.
  ക്വാറന്റീന്‍ വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത് പോലെയാകുമെന്നും കോടതി

  കൊച്ചി/ദുബൈ: പരിമിതമായ വിമാനങ്ങളില്‍ പ്രവാസികളെ ഇന്ത്യയില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചതിനിടെ, ഇതിനായി വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാനാകുമോയെന്ന് കേന്ദ്ര സര്‍ക്കാറിനോട് കേരള ഹൈക്കോടതി. എമിറേറ്റ്‌സ് അടക്കമുള്ള വിമാന കമ്പനികള്‍ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ സര്‍വീസ് നടത്താന്‍ സന്നദ്ധതയറിയിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞത്. പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം
  ആരാഞ്ഞത്.
  എമിറേറ്റ്‌സിന്റെയും മറ്റും വലിയ വിമാനങ്ങള്‍ അനുവദിച്ചാല്‍ കൂടുതല്‍ പ്രവാസികളെ വേഗത്തില്‍ നാട്ടിലെത്തിക്കാനാകുമെന്ന് ദുബൈ കെഎംസിസി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ കോടതിയെ അറിയിച്ചു. നിലവിലെ ഫ്‌ളൈറ്റ് സജ്ജീകരണപ്രകാരം ആഴ്ചയില്‍ രണ്ടു വിമാനങ്ങള്‍ മാത്രമാണ് യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ പരമാവധി 400 പേരെ മാത്രമേ എത്തിക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍ തിരിച്ചുവരവിനായി നോര്‍ക വഴി മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 9,000ത്തിലധികം ഗര്‍ഭിണികളുണ്ട്. എമിറേറ്റ്‌സിന്റെ വലിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നും അഡ്വ. ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ്, കോടതി ഇതു സംബന്ധിച്ച അഭിപ്രായം പരിഗണിച്ചു നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
  അതേസമയം, തിരിച്ചെത്തുന്നവരുടെ ക്വാറന്റീന്‍ വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖയനുസരിച്ചായിരിക്കുമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ഇടപടാനാകില്ല. ഇതു വരെ സ്വീകരിച്ച മുഴുവന്‍ നടപടികളും വിശദീകരിച്ചുള്ള പ്രസ്താവന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഫയല്‍ ചെയ്യണം. ദുബൈ കെഎംസിസി നല്‍കിയ ഹര്‍ജി തുടര്‍ നടപടികള്‍ക്കായി കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ സത്യവാംങ്മൂലം സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.