പ്രഖ്യാപനം വൈകിയെങ്കിലും പ്രവാസ ലോകം സ്വാഗതം ചെയ്യുന്നു

  ജലീല്‍ പട്ടാമ്പി
  ദുബൈ: മെയ് 7 മുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തെ പ്രവാസ ലോകം സ്വാഗതം ചെയ്യുന്നു. കേരള സര്‍ക്കാര്‍ അതിന് സജ്ജമാണെന്നതും പ്രത്യേകം പ്രശംസനീയം തന്നെ.
  വൈകിയാണെങ്കിലും ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനമെന്നാണ് പൊതുവെയുള്ള അഭിപ്രായം. മുന്‍ഗണനാ ക്രമമനുസരിച്ചായിരിക്കും പ്രവാസികളെ കൊണ്ടു പോവുകയെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതിനകം അറിയിച്ചിട്ടുണ്ട്. വിസിറ്റ് വിസാ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ അടങ്ങിയതാണ് മുന്‍ഗണനാ ക്രമം.
  ദീര്‍ഘ നാളത്തെ മുറവിളിക്കും കാത്തിരിപ്പിനും ശേഷമാണ് ഇപ്പോള്‍ ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നതെങ്കിലും അതിലെ അന്ത:സത്ത പ്രാധാന്യമര്‍ഹിക്കുന്നത് തന്നെയാണ്.
  കോവിഡ് 19 വ്യാപനം മൂലം ലോകമെങ്ങുമുള്ള ജനങ്ങള്‍ ദുരിതപൂര്‍ണമായ ജീവിത സാഹചര്യമാണ് അഭിമുഖീകരിക്കുന്നതെങ്കിലും പ്രവാസികള്‍ നേരിടുന്നത് സമാനതകളില്ലാതെ പ്രതിസന്ധികളാണ്. അന്യ ദേശങ്ങളില്‍ പരിമിത സാഹചര്യങ്ങളില്‍ കഴിഞ്ഞു കൂടുന്നവരെ കാത്തിരിക്കുന്നത് വലിയ സമസ്യകളാണ്. ലോക്ക് ഡൗണായതിനാല്‍ ഭക്ഷണം കഴിക്കാന്‍ കെഎംസിസി അടക്കമുള്ള സന്നദ്ധ പ്രസ്ഥാനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഭക്ഷണമാണ് പലരുടെയും ജീവന്‍ ഇതു വരെ നിലനിര്‍ത്തിയത് എന്നിരിക്കെ, യാത്രാ കൂലി പ്രവാസികള്‍ തന്നെ വഹിക്കണമെന്നത് ശരിക്കും ഇരുട്ടടിയായിരിക്കുകയാണ്. ക്വാറന്റീന്‍ ചെലവും പ്രവാസികള്‍ വഹിക്കണമെന്നാകുമ്പോള്‍ അത് മറ്റൊരു അനീതിയാകുമെന്നതില്‍ സംശയമില്ല. ഇതു വരെ നാട്ടിലെത്തിയവരുടെ ക്വാറന്റീന്‍ ചാര്‍ജ് സര്‍ക്കാര്‍ വഹിച്ചപ്പോഴാണ് പുതിയ സാഹചര്യത്തില്‍ അതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാന്‍ പോകുന്നതെന്ന ആക്ഷേപം ഇപ്പോഴേ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. യാത്രാ കൂലി സര്‍ക്കാര്‍ വഹിച്ചില്ലെങ്കില്‍ പലര്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് പോകാനാവാത്ത സ്ഥിതിയുണ്ടാകും. അവര്‍ ഇവിടെ തന്നെ കാത്തുകെട്ടി കിടക്കേണ്ടി വരും. ഈ തരത്തിലുള്ള ആശങ്കളാണ് പല പ്രവാസികളും പങ്കു വെക്കുന്നത്.
  ഏതായാലും, എത്രയും വേഗത്തില്‍ കഴിയാവുന്നത്ര
  പേര്‍ക്ക് നാട്ടിലെത്താമെന്നത് വലിയ ആശ്വാസമാണ് പൊതുവെ പകര്‍ന്നിട്ടുള്ളത് എന്ന് നിസ്സംശയം പറയാം.