ഒലവക്കോടുനിന്ന് പോയത് 1208 പേര്‍; അതിഥിതൊഴിലാളികളുമായുള്ള ആദ്യട്രെയിന്‍ ഒഡീഷയിലേക്ക് പോയി

12
പാലക്കാട് ജില്ലയില്‍നിന്ന് ഒഡീഷയിലേക്ക് ട്രെയിനില്‍ മടങ്ങിപ്പോകാനായി ഒലവക്കോട്ടെത്തുന്ന അതിഥി തൊഴിലാളികള്‍

പാലക്കാട്: ജില്ലയില്‍നിന്ന് അതിഥിതൊഴിലാളികളെയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ ഇന്നലെ ഒഡീഷയിലേക്ക് പോയി. 1208 തൊഴിലാളികളുമായി വൈകീട്ട് 4.50 ന് പാലക്കാട് ജംഗ്ഷന്റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ആദ്യ ട്രെയിന്‍ പോയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന തൊഴിലാളികളെ ആറ് താലൂക്കുകേന്ദ്രങ്ങളിലായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ നടത്തി മെഡിക്കല്‍ പരിശോധന നടത്തിയാണ് വിട്ടയച്ചത്. അതാത് പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. ഒറ്റപ്പാലം സബ് കലക്ടറും ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്ര ഏകോപനത്തിന്റെ നോഡല്‍ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ എസ്.പി. ശിവവിക്രം, അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ എന്നിവര്‍ ചേര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ, ആരോഗ്യ വകുപ്പ് , പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര ഏകോപിപ്പിച്ചത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുന്നതിനായി 37 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഏര്‍പ്പെടുത്തി. താലൂക്കടിസ്ഥാനത്തില്‍ മെഡിക്കല്‍ പരിശോധയും രജിസ്‌ട്രേഷനും കഴിയുന്ന തൊഴിലാളികളെയാണ് ബസില്‍ റെയില്‍വേസ്‌റ്റേഷനില്‍ എത്തിച്ചത്. ഒരുബസില്‍ പരമാവധി 30പേരെ മാത്രം ഉള്‍പ്പെടുത്തി കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികളെ റെയില്‍വേസ്‌റ്റേഷനില്‍ എത്തിച്ചത്. ജില്ലയില്‍ നിന്നും ആദ്യഘട്ടത്തില്‍ ഒഡീഷയിലേക്ക് പോയ 1208 അതിഥി തൊഴിലാളികള്‍ക്കും മെഡിക്കല്‍ പരിശോധന ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. ആറ് താലൂക്കടിസ്ഥാനത്തില്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചാണ് വൈദ്യപരിശോധന നടത്തിയത് . തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തിയുമാണ് ഇവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിന് ഭക്ഷണവും ഭക്ഷ്യകിറ്റും നല്‍കി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ അതത് താലൂക്കുകേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണവും തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ റെയില്‍വസ്‌റ്റേഷനില്‍ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റും വിതരണംചെയ്തു. ആറ് ചപ്പാത്തി, വെജിറ്റബിള്‍കറി, ഒരുപാക്കറ്റ് ബ്രെഡ്, 200ഗ്രാം ജാം, നാലുകുപ്പി വെള്ളം എന്നിവയടങ്ങുന്ന കിറ്റാണ് ഓരോതൊഴിലാളികള്‍ക്കും നല്‍കിയത്.