ജൂണ്‍ 16 മുതല്‍ പറക്കാന്‍ വിമാനങ്ങള്‍; ടിക്കറ്റ് വില്‍പന ആരംഭിച്ചു

607

ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയുമായി സ്‌പൈസ് ജെറ്റ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍. അതേസമയം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ ഷെഡ്യൂള്‍ പ്രഖ്യാപിക്കുകയോ വില്‍പന ആരംഭിക്കുകയോ ചെയ്തിട്ടില്ല

ദുബൈ: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ നിര്‍ത്തി വെച്ച ഇന്റര്‍നാഷണല്‍ വിമാന സര്‍വീസിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനമായ സ്‌പൈസ് ജെറ്റ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികളാണ് ജൂണ്‍ 16 മുതല്‍ ഇന്ത്യയിലേക്കുള്ള ഓണ്‍ലൈന്‍ വില്‍പന ആരംഭിച്ചിരിക്കുന്നത്. അതേ ദിവസം തന്നെ ബഹ്‌റൈനില്‍ നിന്നും ഗള്‍ഫ് എയറും, ഒമാനില്‍ നിന്ന് ഒമാന്‍ എയറും പറക്കാന്‍ വില്‍പന തുടങ്ങിക്കഴിഞ്ഞു. സ്‌പൈസ് ജെറ്റ് 533 ദിര്‍ഹം മുതലും എയര്‍ അറേബ്യ 650 ദിര്‍ഹം മുതലുമാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ ഇന്‍ഡിഗോ ദുബൈ, അബുദാബി, ഷാര്‍ജ എന്നീ സെക്ടറില്‍ നിന്നും കേരളമടക്കമുള്ള ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ഓണ്‍ലൈന്‍ വില്‍പന ആരംഭിച്ചിട്ടുണ്ട്. അതേ സമയം, പ്രമുഖ വിമാന കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ ഇതു വരെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുകയോ വില്‍പന ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യാന്തര സര്‍വീസ് എപ്പോള്‍ തുടങ്ങുമെന്ന് ഓദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പണമടച്ച് ടിക്കറ്റ് വാങ്ങിയാല്‍ അടച്ച തുക നഷ്ടപ്പെടുമോയെന്ന ആശങ്കയുമുണ്ട്. നേരെത്തെ തന്നെ യാത്ര മുടങ്ങിയ പലര്‍ക്കും ഭാഗികമായോ മുഴുവനായോ പണം നഷ്ടപ്പെട്ടിട്ടുമുണ്ട്.