അറിവ് പകരുന്നു ഓണ്‍ലൈനായി വിശ്രമമില്ലാതെ എളമ്പാറ മുഹമ്മദ് മുസ്‌ല്യാര്‍

8
എളമ്പാറ മുഹമ്മദ് മുസ്‌ല്യാര്‍

കണ്ണൂര്‍: തിരക്ക് പിടിച്ച ജീവിതത്തിന് വിശ്രമം നല്‍കി വീട്ടിലൊതുങ്ങിയ നാളുകള്‍ അറിവ് പകരുന്നതിന് ഉപയോഗപ്പെടുത്തുകയാണ് എളമ്പാറ മുഹമ്മദ് മുസ്‌ല്യാര്‍. രാപ്പകല്‍ വിശ്രമമില്ലാതെ ഓണ്‍ലൈനിലാണ് മുഹമ്മദ് മുസ്‌ല്യാരും. വാട്‌സ് ആപ്പിലൂടെയാണ് അധ്യാപനം. ഇസ്്‌ലാമിക കര്‍മശാസ്ത്രം, ഖുര്‍ആന്‍ എന്നിങ്ങനെ പോകുന്നു ക്ലാസുകള്‍.
റിലീഫ് പ്രവര്‍ത്തനത്തിലും സജീവമാണ് ഇരുകണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ട അദ്ദേഹം. ആത്മ സംസ്‌കരണം, അറബി വ്യാകരണം, മോഡേണ്‍ അറബിക് എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ക്ലാസ്. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍ നിന്നുമായി നിരവധി പേര്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയയിലെ പഠനാനന്തരം ആറളം, വാരം പുതിയപള്ളി, പുറത്തീല്‍ എന്നീ പ്രദേശങ്ങളിലെ അധ്യാപനത്തിന് ശേഷം മൂന്ന് പതിറ്റാണ്ടോളം ദുബൈയില്‍ ജോലിയിലും അധ്യാപനത്തിലും ദീനീ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. ചെമ്മാട് ദാറുല്‍ ഹുദ, നന്തി ദാറുസലാം, കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഈജിപ്ത് അല്‍ അസ്ഹറിലെ ഹദീസ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഖാമിസിനെ പോലുള്ളവരോട് വിഷയങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് ഉറപ്പിച്ചതിന് ശേഷം മാത്രമെ സംശയ നിവാരണത്തിന് മറുപടി നല്‍കുകയുള്ളൂ. ‘എനിക്ക് എഴുപത് വയസ് കഴിഞ്ഞു. ഞാന്‍ ഇപ്പോഴും പഠിക്കുകയാണ്. പഠിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല. തൊട്ടില്‍ മുതല്‍ കട്ടില്‍ വരെ പഠനം തന്നെ.’ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയായിരുന്ന ഇകെ അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യനായ മുഹമ്മദ് മുസ്‌ല്യാര്‍ പുഞ്ചിരിച്ച് കൊണ്ട് പറയും.
കോളജിലും പള്ളിയിലും ക്ലാസുകളും പൊതുപരിപാടികളും ഇല്ലാത്തതിനാല്‍ ഒരു മാസമായി പുറത്തീലിലെ വസതിയില്‍ തന്നെയിരുന്നാണ് ക്ലാസുകള്‍.
ആകാശവാണിയിലെ എല്ലാ വാര്‍ത്തകളും കൃത്യമായി കേള്‍ക്കുകയും മലയാളത്തിലെ പത്രങ്ങളിലൂടെയും ബിബിസി, അല്‍ ജസീറ തുടങ്ങി വാര്‍ത്താ ചാനലുകളിലൂടെ വര്‍ത്തമാന കാല ചലനങ്ങള്‍ യഥാസമയം മനസിലാക്കാനും സമയം കണ്ടെത്തുന്നുണ്ട് ഇദ്ദേഹം. ക്ലാസുകള്‍ ക്രമീകരിച്ച് ഗ്രന്ഥങ്ങളിലെ റഫറന്‍സുകള്‍ കണ്ടെത്താന്‍ കായംകുളത്ത് നിന്ന് അജ്മല്‍ മൗലവിയും സഹായത്തിനുണ്ട്.