ഓറഞ്ച് സോണ്‍: വാഹനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി

ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കു ശേഷം ജില്ലയില്‍ നിരത്തുകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ മലപ്പുറം കോട്ടപ്പടിയില്‍ അനുഭവപ്പെട്ട വാഹനത്തിരക്ക്‌

മലപ്പുറം: ഓറഞ്ച് സോണ്‍ ഇളവുകള്‍ നടപ്പിലായതോടെ വാഹനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി. നഗരത്തിലെ പ്രധാന നിരത്തുകളില്‍ മിക്കയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ പൊലീസിറങ്ങിയാണ് നിയന്ത്രിച്ചത്. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നിരുന്നു. ആഴ്ചകളായി അടച്ചിട്ട വിവിധ കടകള്‍ തുറന്നതോടെ തിരക്ക് നിയന്ത്രണാതീതമായി. അളുകള്‍ വാഹനങ്ങളുമായി കൂട്ടത്തോടെ നിരത്തിലിറങ്ങി.
മാര്‍ക്കറ്റുകളെല്ലാം സജീവമായി. പല മാര്‍ക്കറ്റുകളിലും സാമൂഹിക അകലം പാലിക്കാനാവാത്ത വിധം വന്‍ തിരക്കനുഭവപ്പെട്ടു. തിരക്ക് കടുത്തതോടെ പല മാര്‍ക്കറ്റകളിലും പൊലീസ് എത്തി നിയന്ത്രിച്ചു. മിക്ക ടൗണുകളിലും ചെറുകിട വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ഫാന്‍സികള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു.
പെരുന്നാള്‍ തിരക്കിന്റെ ചെറിയ പ്രതീതി പലകടകളിലും അനുഭവപ്പെട്ടു. എന്നാല്‍ കുറേനാള്‍ കഴിഞ്ഞതിന് ശേഷം തുറന്നതിന്റെ തിരക്കാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോവിഡ് 19 ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തില്‍ നിയന്ത്രണം പൂര്‍ണമായും കാറ്റില്‍ പറത്തും വിധമാണ് ചില മേഖലയിലെ അവസ്ഥ. ഇങ്ങനെ വന്നാല്‍ നിലവില്‍ ഓറഞ്ച് സോണിലുള്ള ജില്ലയുടെ അവസ്ഥമാറുമെന്നാണ് വിലയിരുത്തല്‍.