കൗതുകമായി നീളന്‍പടവലം; നീളം ഏഴടി

16
കരിമ്പ കാളിയോട് തെക്കേക്കര വീട്ടില്‍ വിശ്വനാഥന്റ കൃഷിയിടത്തില്‍ വിളഞ്ഞ നീളന്‍ പടവലം

തച്ചമ്പാറ: കരിമ്പയില്‍ ഏഴടിയിലേറെ നീളുള്ള പടവലം കൗതുകമാകുന്നു. പാരമ്പര്യമായി കൃഷി ചെയ്യുന്ന കരിമ്പ പതിനഞ്ചാം വാര്‍ഡ് കാളിയോട് തെക്കേക്കര വീട്ടില്‍ വിശ്വനാഥന്റ കൃഷിയിടത്തിലാണ് ഈ നീളന്‍ പടവലം വിളഞ്ഞ് നില്‍ക്കുന്നത്. പശു വളര്‍ത്തലും വാഴയും കമുങ്ങും ഇടവിളയായി പച്ചക്കറിക്കൃഷിയുമുള്ള വിശ്വനാഥന് ഇതാദ്യമായാണ് പതിവിലും നീളമുള്ള പടവലം കിട്ടുന്നത്. സാധാരണയായി പച്ചക്കറികൃഷികള്‍ ചെയ്യുന്നെങ്കിലും ഇത്തവണത്തെ പടവലം കൃഷി വിശ്വനാഥനെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. പടവലത്തിന്റെ നീളമാണ് അദ്ദേഹത്തിനും കുടുംബത്തിനും കൗതുകമായി തോന്നിയത്. ഏഴടി നീളമാണ് പടവലങ്ങക്കുള്ളത് (218 സെന്റി മീറ്റര്‍). മൂന്നുമാസം മുമ്പാണ് കരിമ്പ ഇക്കോഷോപ്പില്‍ നിന്നും കിട്ടിയ വിത്ത് വീടിനോടുചേര്‍ന്ന പറമ്പില്‍ പരിപാലിച്ചത്. വളര്‍ന്നുവന്നപ്പോള്‍ നാലോളം പടവലങ്ങള്‍ക്ക് തന്നേക്കാള്‍ നീളമുണ്ടായതായാണ് വിശ്വനാഥന്റെ അനുഭവം. നീളം കൂടിയ പടവലങ്ങള്‍ കാണാന്‍ പലരും എത്തുന്നുണ്ട്. പടവലത്തിന് പുറമേ പയറും വെണ്ടയും വഴുതനയുമെല്ലാം വിശ്വനാഥന്റെ തോട്ടത്തിലുണ്ട്. ഭാര്യ നളിനിയും മകന്‍ അരുണും കൃഷിക്കാര്യത്തില്‍ അച്ഛന്റെ ഒപ്പമുണ്ട്.