എഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രോഗം
പാലക്കാട് ജില്ലയില്‍ ഇന്നലെ എഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ കുഞ്ഞും 32 വയസ്സുള്ള ഒരു പുരുഷനും 58, 30 വയസ്സുള്ള രണ്ട് വനിതകളും ഉള്‍പ്പെട്ട നാലുപേര്‍ കൂറ്റനാട് പെരിങ്ങോട് സ്വദേശികളും 45 വയസ്സുള്ള ഒരു വനിത കടമ്പഴിപ്പുറം, കുളക്കാട്ടുകുറിശ്ശി സ്വദേശിനിയുമാണ്. പെരിങ്ങോട് സ്വദേശികളായ നാല് പേരും ഒരു കുടുംബമാണ്.ഇവര്‍ മുംബൈയില്‍ നിന്നും മെയ് 16 ന് പുറപ്പെട്ട് 18ന് പെരിങ്ങോട് ഉള്ള വീട്ടിലെത്തി. രണ്ട് കാറുകളിലായി ഒന്‍പത് പേരാണ് വന്നിട്ടുള്ളത്. ഇതില്‍ ഒരാള്‍ക്ക് പനി ഉണ്ടായതിനെ തുടര്‍ന്ന് മെയ് 20ന് എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് എടുത്തു. തുടര്‍ന്ന് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞു വരികെയാണ് ഇന്ന് നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരോടൊപ്പം വേറെ വാഹനത്തില്‍ വന്ന അഞ്ചു പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇവര്‍ക്ക് ഏവര്‍ക്കും യാത്രാ പാസ് ഉണ്ടായിരുന്നു.കടമ്പഴിപ്പുറം, കുളക്കാട്ടുകുറിശ്ശി സ്വദേശിനി മെയ് എട്ടിന് ചെന്നൈയില്‍ നിന്നും നാട്ടിലെത്തി. മെയ് 16ന് രോഗം സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി ഉള്‍പ്പെടുന്ന സംഘത്തോടൊപ്പമാണ് ഇവര്‍ എത്തിയത്. ഇവരുടെ ഭര്‍ത്താവ് ചെന്നൈയില്‍ ചായക്കട നടത്തുകയാണ്.ഭര്‍ത്താവും മകനും നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയും ഉള്‍പ്പെടെ 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മെയ് എട്ടിന് വാളയാര്‍ ചെക്പോസ്റ്റില്‍ എത്തിയശേഷം ടാക്സി വിളിച്ചാണ് ഇവര്‍ വീടുകളിലേക്ക് പോയത്. മെയ് പതിനാറിന് കാരാകുറുശ്ശി സ്വദേശിക്ക് രോഗം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മെയ് 20ന് മറ്റുള്ളവരുടെയും സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഭര്‍ത്താവിന്റേയും മകന്റേയും പരിശോധനാഫലം നെഗറ്റീവ് ആണ്.ഇവര്‍ക്കെല്ലാവര്‍ക്കും യാത്രാ പാസ് ഉണ്ടായിരുന്നു.ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 26 പേരായി. ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ചികിത്സയിലുണ്ട്.
8176 പേര് നിരീക്ഷണത്തില്‍
പാലക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8128 പേര് വീടുകളിലും 47 പേര് പാലക്കാട് ജില്ലാ ആസ്്്്പത്രിയിലും ഒരാള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8176 പേര് നിരീക്ഷണത്തിലുണ്ട്. ആസ്പത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.പരിശോധനയ്ക്കായി ഇതുവരെ അയച്ച 5231 സാമ്പിളുകളില്‍ ഫലം വന്ന 4701 നെഗറ്റീവും 34 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 42,023 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 33,847 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 7792 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്ട്രോള് റൂമിലേക്ക് വന്നിട്ടുള്ളത്.
ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 38 പ്രവാസികള്‍
പാലക്കാട്: മസ്കറ്റ്, ദോഹ, മോസ്കോ എന്നിവിടങ്ങളില്‍ നിന്നും കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ജില്ലയിലെത്തിയത് 38 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 9 പേര് ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. മസ്കറ്റില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 24 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവരില്‍ 7 പേരെ ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈനിലാക്കി. നാലുപേരെ ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജ് ഹോസ്റ്റലിലും മൂന്നുപേരെ പട്ടാമ്പി സലാഹുദ്ദീന് അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹോസ്റ്റലിലുമാണ് ക്വാറന്റൈന് ചെയ്തിരിക്കുന്നത്. ബാക്കി 17 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.ദോഹയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ 13 പേരില്‍ ഒരാളെ പാലക്കാട് ഐ.റ്റി. എല്‍ റെസിഡന്‍സിയില്‍ ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈന് ചെയ്തിട്ടുണ്ട്. ബാക്കി 12 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.മോസ്കോയില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശിയായ ഒരാളെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്ട്രോള് സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ മെയ് 22ന് പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.