പാലക്കാട് ജില്ലയില്‍ 26 പ്രവാസികളെത്തി

8

10 പേര്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍

പാലക്കാട്: ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് വിമാനങ്ങളിലായി കരിപ്പൂരില്‍ എട്ടു പേരും നെടുമ്പാശ്ശേരിയില്‍ 18 പേരുമായി 26 പാലക്കാട്ടുകാര്‍ പുലര്‍ച്ചെ നാലോടെ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് ശേഷം ജില്ലയില്ലെത്തി. കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.(ആകെ 27 പാലക്കാട്ടുകാര്‍)
ജില്ലയിലെത്തിയ 26 പേരില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും എത്തിയ അഞ്ചുപേരും കരിപ്പൂരില്‍ നിന്നും എത്തിയ അഞ്ചുപേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ഉണ്ട്. എട്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമുള്‍പ്പടെ 10 പേരാണ് ഇവിടെയുള്ളത്.കരിപ്പൂരില്‍ നിന്നും എത്തിയ എട്ടു പേരില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു പേരെ വീട്ടില്‍ നിരീക്ഷണത്തിലയച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വന്ന 13 പേരെയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ അയച്ചിട്ടുള്ളത്. ഇതില്‍ ആറുപേര്‍ ഗര്‍ഭിണികളും നാലുപേര്‍ കുട്ടികളുമാണ്. മൂന്നുപേരെ മറ്റു കാരണങ്ങളാലും വീട്ടില്‍ നിരീക്ഷണത്തില്‍ അയച്ചിട്ടുണ്ട്.
ഭക്ഷണം നഗരസഭയുടെ നേതൃത്വത്തില്‍
പാലക്കാട്: ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 10 പേര്‍ക്കും ചെര്‍പ്പുളശ്ശേരി നഗരസഭയുടെ നേതൃത്വത്തിലാണ് ഭക്ഷണം എത്തിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ ഭക്ഷണ വിതരണം ആരംഭിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക ഭക്ഷണം ആവശ്യമുണ്ടെങ്കില്‍ നേരത്തെ ആവശ്യപ്പെടുന്ന പക്ഷം ലഭ്യമാക്കുമെന്ന് നിരീക്ഷണ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നോമ്പ് കാലമായതിനാല്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയ്ക്കും നോമ്പ് തുറക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വസ്ത്രം, ബെഡ്ഷീറ്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം നഗരസഭ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ക്ക് ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഇപ്പോള്‍ സാധിക്കില്ല. ഇതിന് പുറമെ ചെര്‍പ്പുളശ്ശേരിയിലെ ഐഡിയല്‍ കോളജും ഹോസ്റ്റലും ഏറ്റെടുത്തു.

ഓരോരുത്തര്‍ക്കും പ്രത്യേകം സജ്ജീകരിച്ച മുറി
പാലക്കാട്: നിരീക്ഷണത്തില്‍ കഴിയുന്ന 10 പേരെയും പ്രത്യേകം സജ്ജീകരിച്ച ടോയ്‌ലറ്റ് സൗകര്യമുള്ള 10 മുറികളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഉള്‍പ്പടെയുള്ള അത്യാവശ്യ സൗകര്യങ്ങളെല്ലാം ഓരോ മുറിയിലും സജ്ജീകരിച്ചിട്ടുണ്ട്. ഇവരുടെ സുരക്ഷയ്ക്കായി രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, നാല് പോലീസ്, നാല് വൊളന്റിയര്‍മാര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ഡോക്ടറുടെ സേവനവും ലഭിക്കും.