പാലക്കാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്

7

പാലക്കാട്: ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുബൈയില്‍ നിന്നുവന്ന പാലക്കാട് കൊപ്പം സ്വദേശിക്കാണ്( 35 വയസ്സ്) രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ ഒരു കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ആളാണ് ഈ കൊപ്പം സ്വദേശി. അവിടെ നിന്ന് മെയ് ഒമ്പതിന് രാവിലെ 11മണിയോടെ നാല് കണ്ണൂര്‍ സ്വദേശികള്‍ ,രണ്ടു വയനാട് സ്വദേശികള്‍ ,ഒരു പെരിന്തല്‍മണ്ണ സ്വദേശി ഉള്‍പ്പെടെ എട്ടു പേരടങ്ങുന്ന സംഘമായി ട്രാവലറില്‍ യാത്ര തുടങ്ങുകയും മെയ് 10ന് രാവിലെ തലപ്പാടി ചെക്ക് പോസ്റ്റില്‍ എത്തുകയുമാണുണ്ടായത്. അവിടെനിന്ന് പെരിന്തല്‍മണ്ണ സ്വദേശിയും ഈ കൊപ്പം സ്വദേശിയും ഒരു ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു കാറില്‍ പാലക്കാട്ടെത്തുകയായിരുന്നു. തുടര്‍ന്ന് കൊപ്പത്തെ ഇന്‍സ്റ്റിറ്റിറ്റിയൂഷ്‌നല്‍ ക്വാറന്റെയ്‌നില്‍ ഇദ്ദേഹം പ്രവേശിക്കുയായിരുന്നു. റെഡ് സോണില്‍ നിന്നുള്ളവരുടെ സ്രവ പരിശോധന നടത്തുന്നതോടൊപ്പം മെയ് 17ന് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തുകയും ഇന്ന് രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികള്‍ മറ്റൊരു വാഹനത്തില്‍ കണ്ണൂരിലേക്ക് പോവുകയും വയനാട്ടുകാര്‍ കോഴിക്കോട് വഴി ആംബുലന്‍സ് മുഖേന വയനാട്ടിലേക്ക് പോവുകയും പെരിന്തല്‍മണ്ണ സ്വദേശിയും ഡ്രൈവറും പെരിന്തല്‍മണ്ണയ്ക്ക് തിരിച്ചു പോവുകയുമായിരുന്നു. ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 13 പേരായി. ഇവരില്‍ ഒരാള്‍ വനിതയാണ്. ഇവര്‍ക്ക് പുറമെ ദമാമില്‍ നിന്നുവന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട്, ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്.

പ്രവാസികളില്‍ 51 പേര്‍ കോവിഡ്‌കെയര്‍സെന്ററില്‍
പാലക്കാട്: ദുബായ്, അബുദാബി, മസ്‌കറ്റ്, മാലിദ്വീപ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും, കൊച്ചി തുറമുഖങ്ങളിലുമായി ഇന്നലെ ജില്ലയിലെത്തിയത് 70 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 51 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ദുബായില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 15 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവരില്‍ 7 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കി 8 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബിയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ 16 പേരില്‍ 13 പേരെ ഇന്‍സ്ടിട്യുഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍നിന്നും വന്ന 20 പേരില്‍ 15 പേരെ കപ്പൂര്‍ സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലും അഞ്ചു പേരെ ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജിലെ ഹോസ്റ്റലിലുമാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരാളെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കി.
ബഹറിനില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നാല് പേരെ എറണാകുളത്ത് തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.