പാലക്കാട് ജില്ല കോവിഡ് മുക്തം

9

5169 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്: ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന ഏക കോവിഡ് 19 ബാധിതനായ കുഴല്‍മന്ദം സ്വദേശിയുടെ(30) സാമ്പിള്‍ പരിശോധനാഫലം തുടര്‍ച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത അറിയിച്ചു. ഇദ്ദേഹം ആശുപത്രി വിടുന്നത് സംബന്ധിച്ച് ഇന്ന് വിദഗ്ദ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കും. ഏപ്രില്‍ 21നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.രോഗം സ്വീകരിച്ച ശേഷം അഞ്ചു തവണ അദ്ദേഹത്തിന് സാമ്പിള്‍ പരിശോധന നടത്തേണ്ടി വന്നിരുന്നു.ഇതില്‍ ആദ്യ ഫലം നെഗറ്റീവും പിന്നീട് രണ്ടു തവണ പോസിറ്റീവും ആയിരുന്നു. ശേഷം നടത്തിയ രണ്ട് പരിശോധനകളാണ് നെഗറ്റീവായത്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.നിലവില്‍ പാലക്കാട് ജില്ലയില്‍ 5137 പേര്‍ വീടുകളിലും 32 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 5169 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.പരിശോധനക്കായി ഇതുവരെ അയച്ച 3185 സാമ്പിളുകളില്‍ ഫലം വന്ന 3075 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ആകെ 35403 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 30234 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 6009 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.