പാലക്കാട് ജില്ലയില്‍ തൃശൂര്‍സ്വദേശി ഉള്‍പ്പടെ മൂന്നുപേര്‍ക്ക് കോവിഡ്

24

പാലക്കാട് ജില്ലയില്‍ തൃശൂര്‍ സ്വദേശിക്ക് ഉള്‍പ്പടെ മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു. മൂന്ന് പേരും ചെന്നൈയില്‍ നിന്ന് വന്നവരാണ്. ഇതില്‍ രണ്ടുപേര്‍ കടമ്പഴിപ്പുറം സ്വദേശികളും ഒരാള്‍ തൃശൂര്‍ സ്വദേശിയാണ്. മെയ് പതിനാലിന് ചെന്നൈയില്‍ നിന്ന് വന്ന കടമ്പഴിപ്പുറം സ്വദേശിയായ യുവതി(26),മെയ് ആറിന് ചെന്നൈയില്‍ നിന്നുവന്ന കടമ്പഴിപ്പുറം സ്വദേശി (35) മെയ് 15ന് വാളയാര്‍ അതിര്‍ത്തിയില്‍ എത്തി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ സ്വദേശി(31) എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കടമ്പഴിപ്പുറം സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ചെന്നൈയില്‍ ചായ കട നടത്തുകയാണ്. ഇവരും ഭര്‍ത്താവും നാലു വയസ്സ് പ്രായമുള്ള കുട്ടിയും ഒരുമിച്ച് മേയ് 14ന് അതിരാവിലെ ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 11 മണിയോടെ വാളയാര്‍ അതിര്‍ത്തിയില്‍ എത്തുകയും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലേക്കു പോവുകയുമായിരുന്നു. വീട്ടിലെത്തിയശേഷം അന്നേ ദിവസം വൈകീട്ട് ഇവര്‍ക്കും കുട്ടിക്കും നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കടമ്പഴിപ്പുറം പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസറെ അറിയിച്ചിരുന്നു.അവിടെനിന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്ക്കു നല്‍കി. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കെയാണ് യുവതിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നും മെയ് ആറിന് വാളയാര്‍ അതിര്‍ത്തി വഴി വന്ന കടമ്പഴിപ്പുറം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. മെയ് പതിനാലിന് രോഗം സ്ഥിരീകരിച്ച കടമ്പഴിപ്പുറം സ്വദേശിയുടെ കൂടെ എത്തിയ ആളാണ് ഇദ്ദേഹം. ചെന്നൈയില്‍ സഹോദരനോടൊപ്പം മൈലാപ്പൂര്‍ എന്ന സ്ഥലത്ത് ചായക്കട നടത്തുകയാണ്. മെയ് പതിനാലിന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ മെയ് 15ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു.തുടര്‍ന്ന് വീണ്ടും വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കെ ഇന്ന് രോഗം സ്ഥിരീകരിച്ചു.മെയ് ആറിന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഉള്‍പ്പെടെ നാട്ടില്‍ എത്തിയിരുന്നു. സഹോദരന്റേയും സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
ചെന്നൈയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. അവിടെ ഒരു ജ്വല്ലറി മാനുഫാക്ച്ചറിംഗ് യൂണിറ്റില്‍ ജോലി ചെയ്യുന്ന അദ്ദേഹം ഒരു സുഹൃത്തിനോടൊപ്പം മെയ് 13ന് ബൈക്കില്‍ തൃശൂര്‍ ജില്ലയിലേക്ക് വരികയായിരുന്നു. അതേ ദിവസം ദിണ്ടിവനം എന്ന സ്ഥലത്ത് വെച്ച് ഇവരുടെ വണ്ടി കേടാവുകയും തുടര്‍ന്ന് ഇരുവരും അവിടെ തങ്ങുകയും ചെയ്തു എന്നാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്ന് മെയ് 15നാണ് ഇരുവരും വാളയാര്‍ അതിര്‍ത്തിയില്‍ എത്തുന്നത്. മെയ് 11 മുതല്‍ തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തെ വാളയാര്‍ അതിര്‍ത്തിയില്‍ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് സ്രവപരിശോധന നടത്തുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.ഇവര്‍ക്ക് മെയ് 29 നാണ് യാത്രാനുമതി ലഭിച്ചിരുന്നത് എങ്കിലും ശാരീരിക അസ്വാസ്ഥ്യം കാണപ്പെട്ടതുകൊണ്ട് നേരത്തെ പോരുകയായിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃശൂരിലെഒല്ലൂര്‍ക്ക് പോയി എന്നാണ് കിട്ടുന്ന പ്രാഥമിക വിവരം. രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍ക്കും യാത്രാ പാസ് ഉണ്ടായിരുന്നു.ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 12പേരായി. ഇവര്‍ക്ക് പുറമെ ദമാമില്‍ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് , ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ ഉണ്ട്.