മാലിയില്‍നിന്നുവന്ന മങ്കര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

9

പാലക്കാട്: മാലിദ്വീപില്‍ നിന്നുമെത്തിയ പാലക്കാട് മങ്കര സ്വദേശിക്ക് (23) എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം ജില്ലയില്‍ ചികിത്സയില്‍ ഉള്ള പാലക്കാട് സ്വദേശികള്‍ രണ്ടു പേരായി. ഇന്ന് രോഗം സ്വീകരിച്ച വ്യക്തി മാലിദ്വീപില്‍ ഒരു റിസോര്‍ട്ടില്‍ സ്‌റ്റോര്‍ മാനേജര്‍ ആയി ജോലിചെയ്തുവരികയാണ്. ഇദ്ദേഹം നിലവില്‍ എറണാകുളം താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കേരളത്തിലേക്ക് വരാന്‍ പാസ് ലഭിച്ചതിനെത്തുടര്‍ന്ന് മെയ് 16ന് മാലിദ്വീപില്‍നിന്ന് പുറപ്പെട്ട ഐഎന്‍എസ് ജലാശ്വ കപ്പലില്‍ മെയ് 17 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലക്ഷണങ്ങള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ എറണാകുളം മഹാരാജാ താലൂക്ക് ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷം ഐസോലേഷനിലാരുന്നു. കേരളത്തിലേക്ക് മടങ്ങുന്നതിനു രണ്ടുദിവസം മുന്നേ ഇദ്ദേഹത്തിന് പനിബാധിച്ച് മരുന്ന് കഴിച്ചതായി പറയുന്നുണ്ട്.
ഇതേ റിസോര്‍ട്ടില്‍ ജോലി ചെയ്ത ഇദ്ദേഹത്തിന്റെ സഹോദരനും പാലക്കാടുള്ള മറ്റൊരുവ്യക്തിയും ഒരുകോട്ടയം സ്വദേശിയും ഉള്‍പ്പെടെ 700 പേര്‍ കപ്പലില്‍ യാത്രചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സഹോദരനും പാലക്കാട് സ്വദേശിയുമായ മറ്റൊരു വ്യക്തിയും നാട്ടിലേക്ക് മടങ്ങുകയും നിലവില്‍ പട്ടാമ്പിയില്‍ ഉള്ള ഇന്‍സ്റ്റിറ്റിറ്റിയൂഷ്ണല്‍ ക്വാറന്റൈനില്‍ കഴിഞ്ഞു വരികയുമാണ്. കോട്ടയം സ്വദേശിയും നാട്ടിലേക്ക് പോയതായാണ് അറിയാന്‍ കഴിഞ്ഞത്. ദമാമില്‍ നിന്നുവന്ന് കോവിഡ് സ്ഥിരീകരിച്ച പാലക്കാട് , ആലത്തൂര്‍സ്വദേശികളും എറണാകുളം കളമശ്ശേരി മെഡിക്കല്‍കോളേജിലും ചികിത്സയില്‍ ഉണ്ട്.

13 പേര്‍ ചികിത്സയില്‍
പാലക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 7440 പേര്‍ വീടുകളിലും 52 പേര്‍ പാലക്കാട് ജില്ലാ ആസ്്്പത്രിയിലും 2 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7498 പേര്‍ നിരീക്ഷണത്തിലുണ്ട്. രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും നാല് കടമ്പഴിപ്പുറം, രണ്ട് പട്ടാമ്പി സ്വദേശികളും മുതലമട, കുഴല്‍മന്ദം, കാരാകുറുശ്ശി സ്വദേശികളും മലപ്പുറം, തൃശൂര്‍ സ്വദേശികളും ഉള്‍പ്പെടെ 13 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ജില്ലാആസ്പത്രിയില്‍ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമില്‍നിന്നെത്തിയ ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്. ആസ്പത്രിയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.പരിശോധനക്കായി ഇതുവരെ അയച്ച 4591 സാമ്പിളുകളില്‍ ഫലം വന്ന 4217 നെഗറ്റീവും 26 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 40462 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32964 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 7609 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.