അതിഥി തൊഴിലാളികള്‍ക്കായി പാലക്കാട്ട് നിന്ന് ഇന്ന് ട്രെയിന്‍ പുറപ്പെടും

12

പാലക്കാട്: ജില്ലയില്‍ നിന്ന് ബീഹാറിലെ പാറ്റ്‌നയിലേക്ക് അതിഥി തൊഴിലാളികളുമായി ഇന്ന് ട്രെയിന്‍ പുറപ്പെടും. പാലക്കാട് ഒലവക്കോട് റെയില്‍വെ ജങ്ഷനില്‍ നിന്ന് രാത്രി എട്ടുമണിയോടെയാവും പ്രത്യേക ട്രെയിന്‍ പുറപ്പെടുക. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് അഡീഷണല്‍ചീഫ് സെക്രട്ടറി വിശ്വാസ്‌മേത്ത ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് വിവരം കൈമാറിയതായി അറിയുന്നു. കഞ്ചിക്കോട് വ്യവസായമേഖലയില്‍ നിന്നാണ് ബീഹാറിലേക്കുള്ള അതിഥിതൊഴിലാളികളെ പാലക്കാടെത്തിക്കുക. ഇതിനായി ഇന്ന് രാവിലെ ഒലവക്കോട്ട് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തുടങ്ങും. പത്തോളം കെ.എസ്.ആര്‍.ടി.സി ബസ്സുകളിലായാണ് തൊഴിലാളികളെ ഒലവക്കോട്ടെത്തിക്കുക. 1200ഓളം തൊഴിലാളികളെ ട്രെയിനില്‍ കൊണ്ടുപോകും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പാലക്കാട്ട് വന്ന് ക്വാറന്റൈനില്‍ കഴിയുന്ന അതിഥിതൊഴിലാളികളെയും രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തും. കഞ്ചിക്കോട് അപ്‌നാഘറിലും മറ്റുമായി കഴിയുകയാണ് വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍. ഇവരില്‍ ഏറ്റവും കൂടുതല്‍പേര്‍ ബീഹാര്‍, യു.പി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇന്നലെ രാത്രി എട്ടുമണിക്ക് തിരൂരില്‍ നിന്ന് പ്രത്യേകട്രെയിന്‍ ജാര്‍ഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. എവിടെയും നിര്‍ത്താതെയാണ് തൊഴിലാളികളെ അതാത് സംസ്ഥാനത്തെത്തിക്കുക. അതേസമയം ഇന്ന് ട്രെയിന്‍ പുറപ്പെടുന്നസമയം ജില്ലാ ഭരണകൂടം രഹസ്യമായി വെച്ചിരിക്കുകയാണ്. വിവരമറിഞ്ഞാല്‍ അതിഥിതൊഴിലാളികള്‍ കൂട്ടത്തോടെ ഒലവക്കോട്ടേക്ക് എത്തുമെന്ന ഭയമൂലമാണിത്.
കൃത്യമായ അകലംപാലിച്ചാണ് തൊഴിലാളികളെ സ്റ്റേഷനിലെത്തിക്കുക. ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും ട്രെയിന്‍ പുറപ്പെടുംമുമ്പ് അവരവരുടെ കൈകളില്‍ നല്‍കും. രണ്ടുദിവസമെടുത്താണ് ട്രെയിന്‍ പാറ്റ്‌നയിലെത്തുക. ഇതിനിടയിലുള്ള ഭക്ഷണം ട്രെയിനിലെ കാറ്ററിങില്‍ നിന്ന് നല്‍കും. പാലക്കാട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേകടീമാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്. തൊഴില്‍വകുപ്പാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്.
തൊഴിലാളികളുടെ ട്രെയിന്‍യാത്രാ ടിക്കറ്റ് തൊഴിലാളികള്‍ തന്നെ വഹിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ പല തൊഴിലാളികളും തൊഴില്‍നഷ്ടപ്പെട്ടതുമൂലം കയ്യില്‍ കാശില്ലാത്ത അവസ്ഥയിലാണ്. ഇവരോട് എങ്ങിനെയാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുക എന്ന് വ്യക്തമല്ല. വെള്ളിയാഴ്ച രാത്രിയാണ് സംസ്ഥാനത്ത് നിന്ന് ആദ്യമായി ഒഡീഷയിലേക്ക് ആലുവയില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ട്രെയിന്‍ പുറപ്പെട്ടത്.
അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികളുടെ യാത്രസംബന്ധിച്ച് ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വാളയാര്‍ ചെക്‌പോസ്റ്റില്‍ വരുന്നവരെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷമാണ് സംസ്ഥാനത്തേക്ക് കടത്തിവിടുക. പതിനായിരത്തിലധികംപേരാണ് ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നത്. ഒറ്റപ്പാലം സബ്കലക്ടര്‍ക്കാണ് ജില്ലയിലെ ചുമതല. പാലക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തൊഴിലാളികളുടെ പട്ടിക തയ്യാറാക്കും.