
കോഴിക്കോട്: ലോക്ഡൗണിന്റെ ഭാഗമായി അടച്ചിട്ട മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുറക്കരുത് മദ്യശാലകള്‍ തകര്‍ക്കരുത് സമാധാനം എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരി നിര്‍മാര്‍ജ്ജന സമിതി സംസ്ഥാന വ്യാപകമായി ലോക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് കരിദിനാചരണം നടത്തി. ജില്ലാ ലഹരി നിര്‍മാര്‍ജ്ജന സമിതിയുടെ കരിദിനാചരണം പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷം അധികാരത്തില്‍ കയറുമ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനമായിരുന്നു ലഹരി മുക്ത കേരളമെന്നും ഇതു പാടെ ലംഘിച്ചതിനെതിരെ സമരത്തില്‍ അണിചേരണമെന്നും പാറക്കല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന 29 ബാറുകളുടെ സ്ഥാനത്ത് കേരളം കണ്ടത് ബാറുകളുടെ എണ്ണം ഇരുപത് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പാറക്കല്‍ പറഞ്ഞു.
എല്‍.എന്‍.എസ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് കറാളത്ത് പോക്കര് ഹാജി, സംസ്ഥാന സെക്രട്ടറി പി.കെ മജീദ് ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ യൂസുഫ് ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാന് ഒരിയാന, ഹാഷിം കോയ തങ്ങള്‍, ഒ.കെ ഫൈസല്‍ സംബന്ധിച്ചു.
ജില്ലയില്‍ തുറന്നത് പകുതിയോളം കള്ളു ഷാപ്പുകള്‍
കോഴിക്കോട്: കള്ള് ഷാപ്പുകള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്ന ആദ്യദിനത്തില്‍ ജില്ലയില്‍ തുറന്നത് പകുതിയില്‍ താഴെ ഷാപ്പുകള്‍ മാത്രം. ഭൂരിഭാഗം ഷാപ്പുകളില്‍ കള്ളില്ലാത്തതിനാല്‍ തുറന്നില്ല. ചില മേഖലകളിലെ കള്ളു ഷാപ്പുകള്‍ തുറക്കാന്‍ എക്സൈസ് അനുമതി നല്കിയിരുന്നുമില്ല. ജില്ലയില്‍ 220 കള്ളുഷാപ്പുകളില്‍ 78 എണ്ണത്തിന് മാത്രമാണ് തുറക്കാന്‍ അനുമതിയുണ്ടായിരുന്നത്. ലൈസന്‍സ് പുതുക്കല്‍ നടത്തിയ ഷാപ്പുകളാണ് തുറന്നത്. ലോക് ഡൗണില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കാരണം കള്ള് ഷാപ്പ് ലേലം മുടങ്ങിയിരുന്നു. അതിനാലാണ് ഭൂരിഭാഗം ഷാപ്പുകള്‍ ഇന്നലെ തുറക്കാന്‍ സാധിച്ചിട്ടില്ല. ചുരുങ്ങിയത് നാല്പത് ദിവസത്തോളം ഇനി തുടര്‍ച്ചയായി തെങ്ങൊരുക്കി ചെത്തിയാലേ കളളുല്‍പ്പാദനം പൂര്‍ണ്ണ തോതിലെത്തുകയുള്ളൂ എന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇന്നലെ കൂടുതലായി കള്ള് എത്തിക്കാന്‍ സാധിച്ചില്ല. ഷാപ്പുകളില്‍ ആവശ്യത്തിന് കള്ളില്ലാത്തിനാല് തുറന്ന് മണിക്കൂറുകള്‍ക്കകം പൂട്ടുകയും ചെയ്തു. പാര്‍സല്‍ മാത്രമാണ് നല്‍കിയത്.
ഷാപ്പ് തുറക്കുന്നതറിഞ്ഞ് നിരവധി പേര് എത്തിയിരുന്നു. പലരും കോവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് എത്തിത്. പാര്‍സലായാണ് വിതരണം നടന്നത്. ചുരിങ്ങിയ സമയം കൊണ്ട് മിക്ക ഷാപ്പുകളിലെ കള്ളും തീര്‍ന്നു. ഒരു ലിറ്റര്‍ മാത്രമാണ് ജില്ലയില്‍ ഷാപ്പുകളില്‍ നല്‍കിയത്.