അബുദാബി: യാത്രയെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കാതെ പ്രവാസികള്‍ പലരും മാനസിക സംഘര്‍ഷവുമായി കഴിയുമ്പോള്‍ അതിലേറെ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ് എയര്‍ലൈന്‍സ് ഓഫീസും ജീവനക്കാരും.
രാവിലെ മുതല്‍ രാത്രി ഏറെ വൈകുവോളം ജോലി ചെയ്താണ് എയര്‍ലൈന്‍ ഓഫീസുകള്‍ ഓരോ പ്രവാസിയുടെയും യാത്ര ഉറപ്പ് വരുത്തുന്നത്. വിമാനം പുറപ്പെടുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് മാത്രമാണ് യാത്രക്കാരുടെ പട്ടിക എംബസിയില്‍ നിന്നും എയര്‍ലൈന്‍ ഓഫീസില്‍ എത്തുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ യാത്രക്കാരെ വിളിക്കുകയും ടിക്കറ്റ് ഇഷ്യു ചെയ്യുകയും ചെയ്യുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. മൂന്നും നാലും വിമാനങ്ങളുള്ള ദിവസങ്ങളില്‍ ഇവര്‍ കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണ്.
”യാത്രക്ക് അനുമതിയായിട്ടുണ്ട്. എയര്‍ലൈന്‍ ഓഫീസില്‍ പോയി ടിക്കറ്റ് എടുക്കുക” എന്ന സന്ദേശം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ലഭിക്കുന്നതോടെ പ്രവാസികള്‍ എയര്‍ലൈന്‍ ഓഫീസില്‍ എത്തുകയാണ്. എന്നാല്‍, പലപ്പോഴും ഇവരുടെ പേരുകളടങ്ങിയ പട്ടിക കോണ്‍സുലേറ്റില്‍ നിന്നും എത്തിയിട്ടുണ്ടാവില്ല. ഇക്കാര്യം പറയുമ്പോള്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന സമീപനം പതിവാണ്.
കൊറോണയുടെ പശ്ചാത്തലത്തില്‍ അകലം വേണമെന്ന നിബന്ധന പാലിക്കുന്നതിലും മാന്യമായ ഇടപെടലുകളുടെ കാര്യത്തിലും പ്രവാസികള്‍ കാര്യമായ വീഴ്ച വരുത്തുന്നുണ്ട്. മാസ്ക് കഴുത്തില്‍ തൂക്കി വന്ന് അകലം പാലിക്കാതെ അടുത്തുനിന്ന് സംസാരിച്ച പ്രവാസിയോട് മാസ്ക് കൃത്യമായി ധരിക്കാന്‍ ആവശ്യപ്പെട്ടതിന് മുതിര്‍ന്ന ഉദ്യോഗസ്ഥനോട് കയര്‍ത്തു സംസാരിക്കുന്നതിനും ഈയിടെ സാക്ഷിയായി.
എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ജിഎസ്എ അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ യുഎഇയിലെ ഏഴു ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് എംബസി നല്കുന്ന പട്ടികയിലുള്ളവര്‍ക്ക് ടിക്കറ്റ് നല്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. നൂറ്റി മുപ്പതോളം ജീവനക്കാരാണ് രാപകലില്ലാതെ വെള്ളിയാഴ്ച പോലും ഇതിനായി കഠിനാധ്വാനം ചെയ്യുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാലും ഇതുമായി ബന്ധപ്പെട്ട് ജോലിയില്‍ വ്യാപൃതരാണ്. പലരും കയര്‍ക്കുകയും മുഷിഞ്ഞ് സംസാരിക്കുകയും ചെയ്യുമ്പോഴും ഇവര്‍ തങ്ങളുടെ ജോലികളില്‍ വ്യാപൃതരായി കഴിയുകയാണ്. ഇവിടെ എത്തുന്നവര്‍ അകലം പാലിക്കാത്തത് മൂലം, രോഗബാധിതരാവേണ്ടി വരുമെന്ന ആശങ്കയോടെയാണ് ജീവനക്കാര്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്.