ദുരിതാശ്വാസ ക്യാമ്പിലേക്ക് റവന്യൂ അധികൃതരും പഞ്ചായത്തും തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി

10
തൃത്താല ഞാങ്ങാട്ടിരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍

പട്ടാമ്പി: ലോക്ക് ഡൗണിനെ തുടര്‍ന്ന് തൃത്താലയിലെ ഞാങ്ങാട്ടിരിയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് റവന്യൂ അധികൃതരും പഞ്ചായത്തും തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. കോവിസ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി വഴിയരികില്‍ അന്തിയുറങ്ങുന്നവരേയും, അഥിതി തൊഴിലാളികളേയും താമസിപ്പിക്കുന്നതിന് വേണ്ടി മാര്‍ച്ച് 27 നാണ് ഞാങ്ങാട്ടിരി എ.യു.പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയത്. കടത്തിണ്ണയില്‍ അന്തിയുറങ്ങിയുന്നവരും, ഭിക്ഷാടകരും, അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ 22 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. ഉച്ചയ്ക്കും, വൈകീട്ടും പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും പ്രാതല്‍ ഭക്ഷണവും, മറ്റും ഗ്രാമപഞ്ചായത്ത് അംഗം കെ.ടി രാമചന്ദ്രന്‍ നായരുമാണ് നല്‍കിയിരുന്നത്. കഴിഞ്ഞയാഴ്ച കമ്മ്യൂണിറ്റി കിച്ചന്‍ അടച്ചതോടെ ക്യാമ്പിലേക്കുള്ള രണ്ട് നേരത്തെ ഭക്ഷണ വിതരണവും നിലച്ചു.
പഞ്ചായത്ത് അംഗം കെ.ടി രാമചന്ദ്രന്‍ മുന്‍കൈ എടുത്താണ് ഇപ്പോള്‍ അന്തേവാസികള്‍ക്ക് അരിയും മറ്റു ഭക്ഷണ സാധനങ്ങളും എത്തിച്ചുനല്‍കി ഇവര്‍ വിശപ്പകറ്റുന്നത്. ക്യാമ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന കൃഷ്ണദാസും, നസീറും ചേര്‍ന്നാണ് സ്‌കൂളില്‍ അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കുന്നത്. ക്യാമ്പില്‍ ഭക്ഷണം ലഭിക്കാത്ത കാര്യം പട്ടാമ്പി തഹസില്‍ദരുടേയും, പഞ്ചായത്ത് പ്രസിഡന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇരുവരും കൈമലര്‍ത്തുകയാണ് ചെയ്തതെന്ന് കെ.ടി രാമചന്ദ്രന്‍ നായര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തല ചായ്ച്ചിരുന്ന കട തിണ്ണയും നഷ്ടപ്പെട്ടതോടെ ദുരിതത്തിലായ ഇവര്‍ക്ക് ഞാങ്ങാട്ടിരിയിലെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് താങ്ങും തണലുമായത്. ഞാങ്ങാട്ടിരി എ.യു.പി സ്‌കൂള്‍ മാനേജരും, കോണ്‍ഗ്രസ്സ് നേതാവുമായ അഡ്വ.എച്ച്.നാരാരായണനാണ് ദുരിതാശ്വാസ ക്യാമ്പിനായി സ്‌കൂള്‍ നല്‍കിയത്. 18 പേരാണ് ഇപ്പോള്‍ ക്യാമ്പിലുള്ളത്.