പയ്യന്നൂരില്‍ ഓയില്‍ മില്ലില്‍ തീപിടിത്തം ലക്ഷങ്ങളുടെ നഷ്ടം

21
പയ്യന്നൂര്‍ എടാട്ട് ഓയില്‍മില്ലിലുണ്ടായ തീപിടിത്തം

പയ്യന്നൂര്‍: എടാട്ട് ദേശീയപാതയോരത്തെ വെളിച്ചെണ്ണ ഉല്‍പാദന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. തേജ്‌രാജ് മല്ലറുടെ ഉടമസ്ഥതയിലുള്ള മല്ലര്‍ വെളിച്ചെണ്ണ യൂണിറ്റാണ് പൂര്‍ണമായും കത്തി നശിച്ചത്.10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.55 ഓടെ വെളിച്ചെണ്ണ മില്ലില്‍ നിന്ന് പുക ഉയരുന്നത് കണ്ടവര്‍ പയ്യന്നൂര്‍ അഗ്‌നിശമന സേനയില്‍ വിവരമറിയിച്ചു.
പയ്യന്നൂരില്‍ നിന്ന് നാലും തൃക്കരിപ്പൂരില്‍ നിന്നു മൂന്നും യൂണിറ്റ് അഗ്‌നിശമന സേനയെത്തി മണിക്കൂറുകളോളം യത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിച്ച തീയണക്കല്‍ രാവിലെ 10 വരെ നീണ്ടു. പയ്യന്നൂര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ പി.പവിത്രന്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ സി.പി.ഗോവിന്ദനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
അഗ്‌നിബാധയില്‍ ആയിരക്കണക്കിന് ലിറ്റര്‍ വെളിച്ചെണ്ണയും കൊപ്ര ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളും നശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.