അബുദാബി: തൊഴില്‍ സ്ഥാപനങ്ങളില്‍ 55 വയസ് പിന്നിട്ടവരെ പ്രവേശിപ്പിക്കരുതെന്ന് അബുദാബി സാമ്പത്തിക കാര്യാലയം തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്കി. ഉല്പാദനം, ചെറുകിട-മൊത്ത വിതരണ ഇടങ്ങള്‍, നിര്‍മാണ സ്ഥലങ്ങള്‍, ഗതാഗത വിഭാഗം, സാമ്പത്തിക ഇടപാട് കേന്ദ്രങ്ങള്‍, കാറ്ററിംഗ് തുടങ്ങിയ സുപ്രധാന മേഖലകളിലെ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
18നും 55നുമിടക്ക് പ്രായമുള്ളവരെ മാത്രമേ ഇത്തരം തൊഴില്‍ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. 55ന് മുകളിലുള്ളവരെയും വിവിധ രോഗങ്ങളുള്ളവരെ യും പ്രവേശിപ്പിക്കരുത്.
റാഷിദ് അബ്ദുല്‍ കരീം അല്‍ബലൂഷി
കൊറോണ വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കാന്‍ ഏറ്റവും സാധ്യത കൂടുതലുള്ളവരെന്ന നിലക്കാണ് ഇവരെ മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആരോഗ്യ വിഭാഗത്തിന്റെയും ദേശീയ അടിയന്തിര ദുരന്ത നിവാരണ വിഭാഗത്തിന്റെയും നിര്‍ദേശങ്ങള്‍ പിന്‍പറ്റിയാണ് നിര്‍ദേശമെന്ന് അബുദാബി സാമ്പത്തിക കാര്യാലയം അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍ കരീം അല്‍ബലൂഷി വ്യക്തമാക്കി.
മുപ്പതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളില്‍ ശരീര താപനില അളക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണം. ഗ്ളൗസ്, മാസ്ക് എന്നിവ നിര്‍ബന്ധമായും ധരിക്കണമെന്നും പ്രത്യേകം ഘടിപ്പിച്ച ഗ്ളാസ് മറകകളിലൂടെ മാത്രമേ ഇടപാടുകാരുമായി ബന്ധപ്പെടാന്‍ പാടുള്ളൂവെന്നും ഇതുസംബന്ധിച്ച അറിയിപ്പില്‍ വ്യക്തമാക്കി.