പെരുമ്പുന്ന മേഖലയില്‍ കാട്ടാന ഇറങ്ങി; വ്യാപക നാശനഷ്ടം

8
കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷി

ഇരിട്ടി: കാക്കയങ്ങാട് പെരുമ്പുന്ന മേഖലയില്‍ കാട്ടാന ഇറങ്ങി വ്യാപക നാശനഷ്ടം. പെരുമ്പുന്ന മലയോര ഹൈവേയോട് ചേര്‍ന്ന തെങ്ങുമ്പള്ളി സോണി,ബേബി എന്നിവരുടെ തെങ്ങുകളും വാഴകളുമാണ് കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.
പുഴകടന്നാണ് കാട്ടാനകള്‍ ആറളം വന്യ ജീവി സങ്കേതത്തില്‍ നിന്നു ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്. വര്‍ഷങ്ങളോളമായി ആറളം ഫാമിലും സമീപ ജനവാസ കേന്ദ്രങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാന അക്രമത്തില്‍ ആറളം ഫാം പുനരധിവാസ മേഖലയില്‍ മാത്രം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തുന്നില്ല. കഴിഞ്ഞ മാസം ആറളം ഫാമിലെ ഒരു ജീവനക്കാരന്‍ കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പുനരധിവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കൂട്ടത്തെ ദിവസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ കാട്ടിലേക്ക് തുരത്തിയെങ്കിലും അവ വീണ്ടും ജന വാസ കേന്ദ്രങ്ങളില്‍ എത്തി തുടങ്ങി.
നേരത്തെ കാട്ടാന ശല്യം രൂക്ഷമായ പെരുമ്പുന്ന മേഖലയിലാണ് ഒരിടവേളക്ക് ശേഷം വീണ്ടും കാട്ടാന ഇറങ്ങുന്നത്. കാട്ടാന ശല്യം പ്രതിരോധിക്കുന്നതിന് വനംവകുപ്പ് ശാശ്വത പരിഹാര സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന ശല്യം ഉണ്ടായ പ്രദേശം അഡ. സണ്ണി ജോസഫ് എംഎല്‍ എ സന്ദര്‍ശിച്ചു.