വിശ്രമമില്ലാതെ പി.കെ; സേവന പാതയില്‍ റാക് കെഎംസിസി

694
പി.കെ.എ കരീം

ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: കോവിഡ് 19 ലോകത്ത് പടര്‍ന്നു പിടിച്ചപ്പോള്‍ യുഎഇയിലെ പ്രവാസികള്‍ക്ക് അത്താണിയായി കെഎംസിസിയെന്ന നാലക്ഷരം രാപകലില്ലാതെ കൂടെയുണ്ട്. കൊറോണ കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മാറിയിരിക്കുന്നു കെഎംസിസി ഘടകങ്ങള്‍. അതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്ന റാക് കെഎംസിസി.
പ്രായം പോലും മറന്ന് വിശക്കുന്നവന്റെ വിശപ്പകറ്റാനും രോഗശയ്യയില്‍ കിടക്കുന്നവര്‍ക്ക് ആശ്വാസത്തിന്റെ വാക്കുകള്‍ നല്‍കിയും സദാ സജീവ സാന്നിധ്യമായി യുഎഇ കെഎംസിസി സെക്രട്ടറിയും റാക് കെഎംസിസി റെസ്‌ക്യു ടീം ചെയര്‍മാനുമായ പി.കെ എന്ന പി.കെ.എ കരീം ഉണ്ട്. ജാതിയോ മതമോ രാഷ്ട്രീയമോ രാഷ്ട്രമോ നോക്കാതെ നേതാക്കള്‍ വഴിയോ, പ്രവര്‍ത്തകര്‍ വഴിയോ വരുന്ന നമ്പറുകള്‍. ആ നമ്പറുകളില്‍ വിളിച്ച് ”നിങ്ങള്‍ക്ക് എന്താണ് ആവശ്യം” എന്ന് അന്വേഷിക്കുന്നു പി.കെ. ഭക്ഷണമാണ് വേണ്ടതെങ്കില്‍ ഓരോ ദിവസവും വരുന്ന നമ്പറുകള്‍ സ്ഥലവും പേരും എഴുതി പി.കെ റെസ്‌ക്യു ടീമിന്റെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത് എത്രയും പെട്ടെന്ന് എത്തിച്ചു നല്‍കാന്‍ നിര്‍ദേശിക്കുന്നു. ഉടന്‍ തന്നെ അത് പ്രവര്‍ത്തകര്‍ ആവേശപൂര്‍വം ഏറ്റെടുത്ത് നിര്‍വഹിക്കുന്നു. പ്രവര്‍ത്തകരോടൊപ്പം സജീവമായി കിറ്റുകളുടെ വിതരണത്തിനും പി.കെ ഇറങ്ങാറുണ്ട്. ദിവസവും നൂറുകണക്കിന് വിളികളാണ് പി.കെ കൈകാര്യം ചെയ്യുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് വിളിക്കുന്നവര്‍ക്ക് കെഎംസിസി റെസ്‌ക്യു ടീമിന്റെ നേതൃത്വത്തില്‍ വിദഗ്ധരായ മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ചുമതലപ്പെടുത്തുന്നു. പല ആളുകള്‍ക്കും ഭക്ഷണ കിറ്റുകള്‍ നല്‍കാന്‍ പോയിക്കഴിഞ്ഞാല്‍ അവരുടെ അവസ്ഥ ചിലപ്പോള്‍ കണ്ണ് നനയിക്കും. അത്തരത്തിലൊരു ബംഗ്‌ളാദേശ് സ്വദേശിനിയുടെ അവസ്ഥ പി.കെ ഗ്രൂപ്പില്‍ വിവരിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച ആ സ്ത്രീക്ക് മൂന്നു പെണ്‍മക്കളാണുള്ളത്. വൈദ്യ സഹായത്തോടെയാണ് അവര്‍ റൂമില്‍ മൂന്ന് പെണ്‍മക്കളുമായി കഴിയുന്നത്. അങ്ങനെ, നിരവധി പേര്‍ക്ക് സഹായമെത്തിക്കാന്‍ കെഎംസിസിക്ക് സാധിച്ചുവെന്നതാണ് സന്തോഷമെന്നും അവരുടെ പ്രാര്‍ത്ഥനയാണ് ഈ സംഘടനയുടെ ശക്തിയെന്നും പി.കെ പ്രവര്‍ത്തനം അവലോകനം ചെയ്ത് ഗ്രൂപ്പില്‍ സംസാരിക്കുന്നു. ഓരോ ദിവസവും പി.കെ ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്നുണ്ട്.


മരുഭൂമിയിലെ ഓരോ മണല്‍ തരികള്‍ക്കും ഇപ്പോള്‍ കെഎംസിസി എന്ന നാലക്ഷരം സുപരിചിതമാണ്. റാസല്‍ഖൈമയിലെ എല്ലാ പ്രവര്‍ത്തനത്തിനും താങ്ങും തണലുമായി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ബഷീര്‍ കുഞ്ഞിന്റെയും ജന.സെക്രട്ടറി സൈതലവി തായാട്ടിന്റെയും ട്രഷറര്‍ താജുദ്ദീന്‍ മര്‍ഹബ, നാസര്‍ പൊന്മുണ്ടം, അക്ബര്‍ രാമപുരം, സയ്യിദ് അബ്ദുന്നാസര്‍ തങ്ങള്‍, അയ്യൂബ് കോയക്കാന്‍, അറഫാത്ത് കാസര്‍കോട്, ഹനീഫ പാനൂര്‍, റഹീം ജുല്‍ഫാര്‍, മൂസ കുനിയില്‍, സയ്യിദ് റാഷിദ് തങ്ങള്‍, അസീസ് കൂടല്ലൂര്‍, വെട്ടം കരീം, മുനീര്‍ ബേപ്പൂര്‍, ഹസൈനാര്‍ കോഴിച്ചെന, അസീസ് പേരോട്, ബാദുഷ അണ്ടത്തോട്, റസാഖ് ചെനക്കല്‍ തുടങ്ങിയ സംസ്ഥാന നേതാക്കളുടെയും; വിവിധ ജില്ലാ-മണ്ഡലം-ഏരിയാ- വനിതാ കമ്മിറ്റികളുടെയും പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ സഹായവും പിന്തുണയുമുണ്ട്. അതാണ് റെസ്‌ക്യു ടീമിന്റെ വിജയമെന്ന് പി.കെ പറയുന്നു.