കോവിഡ് 19: ദുബൈ തൊഴില്‍ കാര്യ സ്ഥിരം സമിതി ബോധവത്കരണം നടത്തി

മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍, അബ്ദുല്ല ലഷ്‌കരി മുഹമ്മദ്

ദുബൈ: കോവിഡ് 19ന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദുബൈ തൊഴില്‍ കാര്യ സ്ഥിരം സമിതി (പിഎല്‍എസി) ആരോഗ്യ-സുരക്ഷാ ബോധവത്കരണം നടത്തി. സമിതിയുടെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ അബ്ദുല്ല ലഷ്‌കരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൊഴില്‍ കേന്ദ്രങ്ങളും ലേബര്‍ ക്യാമ്പുകളും സന്ദര്‍ശിച്ച് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ ബോധവത്കരണം നിര്‍വഹിച്ചത്. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളുടെ ആരോഗ്യ-സുരക്ഷാ-ജീവിത നിലവാരം അധികൃതര്‍ പരിശോധിച്ചു. വിവിധ ഭാഷകളിലാണ് ബോധവത്കരണം നടത്തിയത്.
അതിനിടെ, ദുബൈയിലെ ലേബര്‍ ക്യാമ്പുകളിലെ എല്ലാ തൊഴിലാളികള്‍ക്കും മികച്ച വൈദ്യ സഹായങ്ങള്‍ നല്‍കാന്‍ വകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പിഎല്‍എസി ചെയര്‍മാനും ജിഡിആര്‍എഫ്എ ദുബൈ ഉപ മേധാവിയുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. ദുബൈ ആരോഗ്യ വകുപ്പ്, കോവിഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, ദുബൈ പൊലീസ് എന്നിവയുമായി സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വകുപ്പ് ഏകോപിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് 20 ലക്ഷത്തിലേറെ മുഖാവരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയത്. സൗജന്യമായി സാനിറ്റൈസറുകള്‍, മുഖാവരണം, കൈയുറകള്‍ എന്നിവയും ബോധവത്കരണത്തിനിടെ സമിതി തൊഴിലാളികള്‍ക്ക് നല്‍കി.
കോവിഡ് പശ്ചാലത്തില്‍ ദുബൈയിലെ എല്ലാ തൊഴിലാളികളുടെയും താമസ സൗകര്യവും ഭക്ഷണവും മരുന്നും പിഎല്‍എസി ഉറപ്പു വരുത്തിയിരുന്നു. ഇക്കാലയളവില്‍ ആഹാരവും താമസയിടവുമില്ലാത്ത ഒരു തൊഴിലാളി പോലും ദുബൈയിലില്ലെന്ന് കഴിഞ്ഞ ദിവസം സമിതി ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് വ്യക്തമാക്കിയിരുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം തുടക്കമിട്ട 10 മില്യന്‍ മീല്‍സ് കാമ്പയിന്‍ വഴി തൊഴിലാളികള്‍ക്ക് അവരുടെ ക്യാമ്പുകളില്‍ ഭക്ഷണ വിതരണം നടത്തിയതായും മേജര്‍ ജനറല്‍ ഉബൈദ് വിശദീകരിച്ചു.