പ്ലാസ്റ്റിക് ബാഗുകള്‍ വേണ്ട പാളക്കൂടകള്‍ വാങ്ങാം…

28
ഉദയമംഗലം സുകുമാരനും ശശിധരനും പാളക്കൂടകള്‍ നിര്‍മിക്കുന്നു

ഉദുമ: കൊറോണക്കാലത്ത് വ്യത്യസ്തമായ കൃഷിരീതി പരീക്ഷിക്കുകയാണ് ഉദുമ ഉദയമംഗലത്തെ സുകുമാരനും സുഹൃത്ത് കണിയാന്‍ വളപ്പില്‍ ശശിധരനും. കൃഷി കൂടുതല്‍ പ്രകൃതി സൗഹൃദമാക്കുകയാണ് ഈ സുഹൃത്തുക്കള്‍. ഉദുമ പഞ്ചായത്ത് ലോക്ക്ഡൗണില്‍ ആയതോടെ വീട്ടിലിരിക്കുമ്പോള്‍ പച്ചക്കറി കൃഷി ചെയ്യാന്‍ ആവശ്യത്തിന് ഗ്രോബാഗ് കടയില്‍ നിന്ന് ലഭിക്കാതെ വന്നതോടെയാണ് കവുങ്ങിന്‍ പാളകള്‍ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയില്‍ ഗ്രോബാഗ് നിര്‍മിക്കാമെന്ന് ഇവര്‍ തീരുമാനിച്ചത്.
പ്രകൃതി സൗഹൃദ ഗ്രോബാഗിലാണ് ഇവരുടെ കൃഷി. തോട്ടങ്ങളില്‍ അലസമായി വലിച്ചെറിയുന്ന പാളകള്‍ ശേഖരിച്ച് തുന്നി യോജിപ്പിച്ചാണ് കൂടയുണ്ടാക്കുകുന്നത്. മൂന്നു മാസം മുമ്പ് അബുദാബിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകാന്‍ കഴിയാതെയിരിക്കുന്ന സുഹൃത്ത് കണിയാന്‍ വളപ്പിലെ ശശിധരനെയും കൂട്ടി പാള ശേഖരിക്കുകയായിരുന്നു. രണ്ടു പാളകള്‍ ഒന്നിച്ചുകൂട്ടി കെട്ടിയാണ് ഗ്രോബാഗ് നിര്‍മിക്കുന്നത്. ഒരുവിള കൃഷിക്ക് തികച്ചും അനുയോജ്യമായ ഗ്രോബാഗാണ് പാള കൊണ്ട് ഉണ്ടാക്കാവുന്നതെന്ന് കര്‍ഷകനും പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറിയുമായ ഉദയമംഗലം സുകുമാരന്‍ പറയുന്നു.
പാളകള്‍ കൂട്ടിയോജിപ്പിക്കാന്‍ പാളയില്‍ നിന്നുള്ള കയര്‍ തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഈ ഗ്രോബാഗില്‍ തക്കാളി, വെണ്ടയ്ക്ക, പച്ചമുളക് തുടങ്ങിയ കൃഷിയാണ് ആദ്യഘട്ടത്തില്‍ പരീക്ഷിച്ചത്. തുടര്‍ന്ന് കൃഷിഭവനില്‍ നിന്നു ലഭിച്ച ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന മുരിങ്ങ, കറിവേപ്പില തുടങ്ങിയവയും പ്രകൃതി സൗഹൃദ ഗ്രോബാഗില്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്.