ആരവങ്ങളില്ലാതെ പ്ലസ്ടുകാരുടെ പടിയിറക്കം

ഹയര്‍സെക്കന്ററി അവസാനപരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അഭിവാദ്യം ചെയ്യുന്നു

കോഴിക്കോട്: ലോക്ഡൗണ്‍കാരണം അനിശ്ചിതത്വത്തിലായ ഹയര്‍സെക്കന്ററി പരീക്ഷകള്‍ സമാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ വ്യാഴാഴ്ച സമാപിച്ചിരുന്നു. ജില്ലയില്‍ പ്ലസ്‌വണില്‍ 45847 പേരും പ്ലസ്ടുവിന് 46545 വിദ്യാര്‍ഥികളുമാണ് ഇന്നലെ പരീക്ഷ അവസാനിച്ച് മടങ്ങിയത്. 42 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും 15 എസ് എസ് എല്‍ സിക്കാര്‍ക്കുമാണ് ലോക് ഡൗണിന് ശേഷം പരീക്ഷയെഴുതാന്‍ കഴിയാതെവന്നത്. ഇവരില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. നീറ്റ് എന്‍ട്രന്‍സ് പരീക്ഷാ തീയതിയും മറ്റും പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ പ്ലസ് ടു പരീക്ഷകള്‍ പൂര്‍ണമായി നടന്നത് രക്ഷിതാക്കളേയും അധ്യാപകരേയും സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിട്ടുണ്ട്. അതെ സമയം, അവസാന പരീക്ഷയും കഴിഞ്ഞുള്ള ആഹ്ലാദം പ്രകടിപ്പിക്കാനോ കൂട്ടുകാരുമായുള്ള വേര്‍പിരിയലിന്റെ സങ്കടം പങ്കുവെക്കാനോ ആവാതെയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. പരസ്പരമൊന്ന് കൈപിടിച്ച് കുലുക്കാന്‍ പോലും കഴിയാത്ത അവസ്ഥ. നിറകണ്ണുകളെ സാക്ഷിയാക്കി കൈവീശിയാണ് അവര്‍ അധ്യാപകരോടും കൂട്ടുകാരോടും യാത്ര പറഞ്ഞത്. മിക്ക സ്‌കൂളുകളിലും രക്ഷിതാക്കളുടെ വാഹനത്തിലാണ് വിദ്യാര്‍ഥികളെ സ്‌കൂളുകളിലെത്തിച്ചതും കൊണ്ടുപോയതും. അതെസമയം, നഗരത്തില്‍ മാനാഞ്ചിറ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.