
പാനൂര്‍: പാലത്തായ് മേഖലയില്‍ മുസ്ലിംലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഏറെ ത്യാഗം സഹിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ തുടിയാ പുറത്ത് പോക്കര് ഹാജി. എഴുപതുകളില്‍ പഴയ പെരിങ്ങളം മണ്ഡലത്തില്‍ മാടമ്പി രാഷ്ട്രീയക്കാരുടെ അധീശത്വം നിലനിന്നിരുന്ന ഘട്ടത്തിന് മുസ്ലിംലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പോക്കര് ഹാജി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ലീഗില്‍ സജീവമായതിന്റെ പേരില്‍ നിരവധി തവണ അദ്ദേഹത്തിന് രാഷ്ട്രീയ എതിരാളികളുടെ കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരുന്നു. ചന്ദ്രിക ദിനപത്രം അദ്ദേഹത്തിന് ജീവവായു ആയിരുന്നു.
രാഷ്ട്രീയ എതിരാളികള്‍ ചന്ദ്രിക പത്രം വായിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്ന കാലഘട്ടത്തില്‍ പാറക്കടവ്, കടവത്തൂര്‍ എന്നിവിടങ്ങളില്‍ നടന്നുപോയി ചന്ദ്രിക വാങ്ങി വരുമായിരുന്നു. വായിച്ചു കഴിഞ്ഞ് പത്രം വില്‍പ്പനക്ക് പോലും നല്‍കാതെ ഭദ്രമായി കെട്ടി സൂക്ഷിച്ചുവെക്കുക ഹാജിയുടെ പതിവായിരുന്നു. ഇങ്ങനെ സൂക്ഷിച്ച വലിയ കെട്ട് ചന്ദ്രിക അദ്ദേഹത്തിന്റെ സ്വീകരണമുറിയില്‍ ഉണ്ട്. പ്രദേശത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന ലീഗ് പരിപാടികളില്‍ നേരത്തെ തന്നെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചിരുന്ന ഹാജിയെ മാസങ്ങള്‍ക്ക് മുമ്പ് നടന്ന പാനൂര്‍ മേഖല ലീഗ് സമ്മേളനത്തില്‍ ആദരിച്ചിരുന്നു
മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല, ജനറല്‍ സെക്രട്ടറി വി നാസര്‍ മാസ്റ്റര്‍, എസ്ടിയു ജില്ലാ പ്രസിഡന്റ് കെ പി മൂസ ഹാജി, നേതാക്കളായ പിപിഎ സലാം, പികെ ഷാഹുല്‍ ഹമീദ്, ഡോ എന്‍എ മുഹമ്മദ് റഫീഖ്, എംപികെ അയ്യൂബ്, എന്‍പി മുനീര്‍, സാദിഖ് പാറാട് വസതി സന്ദര്‍ശിച്ചു.