ആംബുലന്‍സ് വൈകി; പ്രഭാകരന്‍ മരണത്തിന് കീഴടങ്ങി

101
പ്രഭാകരന്‍

കെഎംസിസി നേതാക്കള്‍ അനുശോചിച്ചു

കുവൈത്ത് സിറ്റി: നെഞ്ചുവേദന അനുഭവപ്പെട്ട പ്രഭാകരന്‍ ആംബുലന്‍സ് സേവനത്തിനായി നിരന്തരം വിളിച്ചെങ്കിലും മൂന്ന് മണിക്കൂറിനു ശേഷം അബോധാവസ്ഥയിലായി. ആംബുലന്‍സ് വരാന്‍ വൈകുന്ന വിവരമറിഞ്ഞ കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും കെഎംസിസിയുടെ ഇന്ത്യന്‍ എംബസി വളണ്ടിയര്‍മാരായ ഷാഫി കൊല്ലവും സലീം നിലമ്പൂരും സഹായത്തിനായി അബ്ബാസിയയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഫഹാഹീലിലെത്തിയെങ്കിലും പ്രഭാകരനെ രക്ഷിക്കാനായില്ല. ആംബുലന്‍സ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അങ്ങോട്ട് പുറപ്പെടും മുമ്പ് രാത്രി പന്ത്രണ്ട് മണിയോടെ അദ്ദേഹം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മലയാളി ഉദ്യോഗസ്ഥനായ സിബി വളരെ അനുഭാവപൂര്‍വം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടും പൊലീസ് ക്‌ളിയറന്‍സും മറ്റു നടപടി ക്രമങ്ങളും കഴിഞ്ഞ ശേഷമാണ് അവര്‍ മടങ്ങിയത്. കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന സമയത്താണ് കുവൈത്ത് കെഎംസിസി നേതാക്കള്‍ സഹായത്തിനെത്തിയത്. രാത്രി പതിനൊന്ന് മണിയോടു കൂടിയാണ് ഇതുമായി ബന്ധപ്പെട്ട് പ്രഭാകരന്റെ അയല്‍വാസി ജയചന്ദ്രനാണ് ഷറഫുദ്ദീനെ വിളിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ നായാട്ടു പാറ സ്വദേശിയാണ് പ്രഭാകരന്‍ (68). മുപ്പത്തിയെട്ട് വര്‍ഷമായി കുവൈത്തില്‍ സ്വകാര്യ കരാര്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ് പരേതനായ കൃഷ്ണന്‍. മാതാവ് പരേതയായ ദേവി. ഭാര്യ: ശൈലജ, മക്കള്‍: പ്രജില്‍, പ്രജിന. മരുമക്കള്‍: പ്രതീഷ്, അക്ഷര. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ കുവൈത്ത് കെഎംസിസി നേതൃത്വത്തില്‍ നടക്കുന്നുണ്ടെങ്കിലും കൊറോണ പരിശോധന ഫലം വന്ന ശേഷം മാത്രമേ അനുമതി ലഭിക്കൂവെനന് ഷറഫുദ്ദീന്‍ കണ്ണേത്ത് പറഞ്ഞു.

പ്രഭാകരന്‍