നീറിപ്പുകയുന്നവരെ ചേര്‍ത്തുപിടിച്ച് റാക് പ്രവാസി കെയര്‍

103

റാസല്‍ഖൈമ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലകപ്പെടുന്നവരെ ചേര്‍ത്തുപിടിച്ച് റാക് പ്രവാസി കെയര്‍. വിഷമതകള്‍ പുറത്തറിയിക്കാതെ കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്കടിപ്പെടുന്നവരെ കണ്ടത്തെി ആശ്വാസമേകുന്നതിലാണ് പ്രവാസി കെയറിന്റെ ഊന്നലെന്ന് ഭാരവാഹികളായ മുഹമ്മദ് നൗഫര്‍, സഞ്ജിത് കുമാര്‍ എന്നിവര്‍ പറഞ്ഞു. മലയാളികളില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെങ്കിലും ഈ ഘട്ടത്തില്‍ വിവിധ രാജ്യക്കാരുടെ പ്രശ്‌നങ്ങളിലും ഇടപെടുന്നുണ്ട്. നിരവധി പേര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാന്‍ പ്രവാസികെയറിന്റെ സന്നദ്ധ സംഘത്തിന് സാധിച്ചു. കഴിഞ്ഞ നാളുകളിലെ ഗുണഭോക്താക്കളില്‍ പലരും ഇന്ന് പ്രവാസി കെയറിനൊപ്പം സേവന വഴിയിലുണ്ട്. ആവശ്യക്കാര്‍ക്ക് മെഡിക്കല്‍ കൗണ്‍സലിംഗ് സേവനത്തിന് സൗകര്യമൊരുക്കുന്നുണ്ട്. റമദാനില്‍ ലേബര്‍ ക്യാമ്പുകളില്‍ ആയിരത്തോളം തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി. ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങള്‍, കഫ്റ്റീരിയ ജീവനക്കാര്‍, ഇലക്ട്രിക്, പ്‌ളംബിംഗ്, പെയിന്റിംഗ്, കാര്‍പെന്ററി മേഖലയിലെ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്കും സാന്ത്വനമേകി. ജീവിതം വഴി മുട്ടിയവര്‍ക്ക് പ്രവാസി കെയര്‍ കോവിഡിന് മുന്‍പും സമാശ്വാസം നല്‍കിയിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.
മഹാമാരിയോടനുബന്ധിച്ച് പ്രതിസന്ധിയിലകപ്പെടുന്നവര്‍ ഏറെയാണ്. ഇത് സാമൂഹിക പ്രവര്‍ത്തകരുടെയും കൂട്ടായ്മകളുടെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണെന്ന് കണ്‍വീനര്‍ നൗഫല്‍ അഭിപ്രായപ്പെട്ടു. ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരുമുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും കൗസിലര്‍മാരും ഉള്‍ക്കൊള്ളുന്നതാണ് റാക് പ്രവാസി കെയര്‍.