ദുബൈ: കോവിഡ് 19 പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങുന്നവരില്‍ വിമാന ടിക്കറ്റെടുക്കാന്‍ സാമ്പത്തിക പ്രയാസം നേരിടുന്ന 100 ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുമെന്ന് പ്രവാസി ഇന്ത്യ. ജോലിയോ മറ്റു വരുമാനമോ ഇല്ലാതെ നാടണയാന്‍ പേര് രജിസ്റ്റര്‍ ചെയ്ത് എംബസി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ടിക്കറ്റെടുക്കാന്‍ പണമില്ലാതെ യാത്ര മുടങ്ങുന്ന നിരവധി പേരാണ് പ്രവാസ ലോകത്തുള്ളത്. ഇത്തരത്തിലുള്ള 100 പേര്‍ക്കാണ് സുമനസ്സുകളുടെ സഹായത്തോടെ ഒന്നാം ഘട്ടത്തില്‍ യാത്രാ ടിക്കറ്റ് നല്കാന് ഉദ്ദേശിക്കുന്നതെന്ന് പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ചെറിയ വരുമാനമുള്ളവര്‍, ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍, ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഹ്രസ്വ കാല വിസയിലെത്തി നാട്ടിലേക്ക് പോകാന്‍ സാമ്പത്തികമായി നിവൃത്തിയില്ലാത്തവര്‍, അടിയന്തരമായി നാട്ടില്‍ ചികിത്സക്ക് പോകാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ തുടങ്ങിയവരില്‍ നിന്നും അര്‍ഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റുകള്‍ നല്‍കുക. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ 300 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പദ്ധതി. പ്രവാസികളില്‍ നിന്ന് വിവിധ സന്ദര്‍ഭങ്ങളില്‍ ശേഖരിച്ച കോടിക്കണക്കിന് രൂപ എംബസികള്‍ക്ക് കീഴിലുള്ള കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ കെട്ടിക്കിടക്കുകയാണ്. അത് ചെലവഴിച്ച് പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയാറാവാതെ ഇരട്ടി ചാര്‍ജ് ഈടാക്കിയുള്ള കൊടും ക്രൂരതയാണ് കാട്ടുന്നത്. ഈ സാഹചര്യത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് കഴിയുന്നത്ര ആശ്വാസം നല്‍കാനാണ് പ്രവാസി ഇന്ത്യ ശ്രമിക്കുന്നത്.
രണ്ടു മാസത്തിലേറെയായി ജോലിയില്ലാതെ വരുമാനം നിലച്ച പ്രവാസികള്‍ക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസി അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രവാസി ഇന്ത്യ ആവശ്യപ്പെട്ടു. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരോട് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത് നീതീകരിക്കാനാവില്ല. നിലവിലെ ചട്ടമനുസരിച്ച് തന്നെ ഇത്തരത്തില്‍ ഫണ്ട് വിനിയോഗിക്കാവുന്നതാണെന്നും ഇതിനാവശ്യമായ അപേക്ഷാ ഫോറം എംബസിയുടെ വെബ്സൈറ്റില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഇതര സാമൂഹിക സംഘടനകളും ഇത്തരം ശ്രമങ്ങളുമായി മുന്നോട്ടു വരണമെന്നും പ്രവാസി ഇന്ത്യ അഭ്യര്‍ത്ഥിച്ചു.