മെയ് 7 മുതല്‍ പ്രവാസികളെ മടക്കിയെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ദുബൈ: പ്രവാസികളെ മെയ് 7 മുതല്‍ നാട്ടിലേക്ക് മടക്കിയെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ഒരുക്കങ്ങള്‍ നടക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിലും നാവിക കപ്പലുകളും വഴിയായിരിക്കും യാത്ര ക്രമീകരിക്കുക. ഇക്കാര്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസികളും ഹൈ കമ്മീഷനുകളും ദുരിതത്തിലായ ഇന്ത്യന്‍ പൗരന്മാരുടെ ഒരു പട്ടിക തയ്യാറാക്കുന്നുണ്ട്. യാത്രയുടെ ചെലവ് പ്രവാസികള്‍ വഹിക്കണം. ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാനങ്ങള്‍ വിമാന യാത്രക്ക് ക്രമീകരിക്കും. യാത്ര ഘട്ടം ഘട്ടമായി മെയ് 7 മുതല്‍ ആരംഭിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. യാത്ര തുടങ്ങും മുമ്പ് യാത്രക്കാരുടെ മെഡിക്കല്‍ സ്‌ക്രീനിംഗ് നടത്തും. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമെ യാത്ര ചെയ്യാന്‍ ്അനുവദിക്കൂ. ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും പുറപ്പെടുവിച്ച ഹെല്‍ത്ത് പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതുണ്ട്. നാട്ടിലെത്തിയാല്‍ സൂക്ഷ്മ പരിശോധന നടത്തും. തുടര്‍ന്ന് 14 ദിവസത്തേക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ക്വാറന്റീനില്‍ പ്രവേശിക്കണം. പതിനാല് ദിവസത്തിന് ശേഷം കോവിഡ് പരിശോധനക്ക് ശേഷം മാത്രമെ സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാനാവൂ. വിശദവിവരങ്ങള്‍ താമസിയാതെ തന്നെ വിദേശകാര്യ-സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ അറിയിക്കും.