പ്രവാസികളെ സ്വീകരിക്കാന്‍ മലപ്പുറം ജില്ല സജ്ജം

കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിങ് ഏരിയയില്‍ ഒരുക്കിയ സജ്ജീകരണം

പ്രവാസികളുമായി കരിപ്പൂരില്‍ ആദ്യ വിമാനം ഇന്ന്
കലക്ടറുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

മലപ്പുറം: പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം ഇന്ന് രാത്രി 10.30 ന് കരിപ്പൂരിലെത്തും. മലപ്പുറമുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍കരീം, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസറാവുവുമായി ചര്‍ച്ച നടത്തി.
ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. മറ്റു ജില്ലകളിലേക്കുള്ളവരില്‍ പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളില്ലാത്തവരെ ടാക്‌സി വാഹനങ്ങളിലോ കെ.എസ്.ആര്‍.ടി. സി ബസുകളിലോ അതത് ജില്ലാ അധികൃതര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയ ശേഷം കൊണ്ടുപോകും. പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനക്ക് വിധേയരാക്കും.
പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് മാറ്റും. പ്രവാസികളെ ആസ്പത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേയ്ക്കു മാറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മതിയായ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ഇവരെ ജില്ലാ ഭരണകൂടം ഒരുക്കിയ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് കൊണ്ടുപോകും.
അതേ സമയം ഇന്ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തുന്ന വിമാനത്തില്‍ 23 പേരാണ് മലപ്പുറം സ്വദേശികളായുള്ളത്. ഇവരേയും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ജില്ലയിലെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം രോഗലക്ഷണങ്ങളില്ലാത്തവരും ആര്‍.ടി.പി. സി.ആര്‍ പരിശോധനാഫലം നെഗറ്റീവ് ആയവരുമായ ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ളവര്‍, പ്രായാധിക്യത്താല്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, അടുത്ത ബന്ധുവിന്റെ മരണം, അടുത്ത ബന്ധുക്കള്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിവരെ കര്‍ശനമായ വ്യവസ്ഥകളോടെയും നിരന്തര ആരോഗ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയും വീടുകളില്‍ പോകാന്‍ അനുവദിക്കും.
തിരിച്ചെത്തുന്നവരെല്ലാം ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തിനുള്ളില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക സംവിധാനങ്ങള്‍ ജില്ലാ കലക്ടറും സംഘവും നേരിട്ട് വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
കുടിവെള്ളം, ലഘുഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം എന്നിവ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമാനത്താവള അതോറിറ്റി, സി.ഐ. എസ്.എഫ്, എമിഗ്രേഷന്‍, കസ്റ്റംസ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളും ആരോഗ്യം, പൊലീസ്, റവന്യൂ, മോട്ടോര്‍ വാഹനം ഉള്‍പ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.