
പാലക്കാട്: ജില്ലയില്‍ എത്തുന്ന പ്രവാസികളെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി. ഡെപ്യൂട്ടി കലക്ടര്‍(ആര്.ആര്) സുരേഷ് കുമാര്‍ (8547610095) നോഡല്‍ ഓഫീസറായി ചെമ്പൈ സംഗീത കോളേജില്‍ താല്‍ക്കാലിക രജിസ്ട്രേഷന്, പരിശോധന, ഓഫീസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒറ്റപ്പാലം സബ് കലക്ടര്‍ അര്ജുന് പാണ്ഡ്യയ്ക്കാണ് കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല. കോവിഡ് സെന്ററില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ സംഘം ഉണ്ടായിരിക്കും. നെടുമ്പാശ്ശേരി കരിപ്പൂര്‍ വിമാനത്താവളങ്ങളിലേക്കായി ജില്ലയിലെ 23 പേരാണ് എത്തുന്നത്. അബുദാബിയില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് 15 ഉം ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുപേരുമാണ് ജില്ലയിലേക്ക് എത്തുന്നത്. വിമാനത്താവളത്തിലെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെയാകും ജില്ലയില്‍ എത്തിക്കുക. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ട് സ്ഥതി ചെയ്യുന്ന ജില്ലകളിലെ ബന്ധപ്പെട്ട ഐസോലേഷന് വാര്‍ഡുകളിലേക്കോ നിരീക്ഷണ കേന്ദ്രത്തിലേക്കോ ഇവരെ മാറ്റും.ട്ടലുകളില്‍ താമസിക്കാന്‍ താല്പര്യമുള്ളവര്ക്ക് താമസത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി.
സര്‍ക്കാര്‍ അനുവദിച്ചാല്‍ ഫണ്ട് നല്‍കുമെന്ന് ഷംസുദ്ദീന്
മണ്ണാര്‍ക്കാട്ട് ക്വാറന്റൈന് കേന്ദ്രങ്ങള്‍ സജ്ജം
മണ്ണാര്‍ക്കാട്: മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന് കേന്ദ്രങ്ങള്‍ സജ്ജമാക്കി മണ്ണാര്‍ക്കാട്. ആദ്യഘട്ടത്തില്‍ ഒമ്പത് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വേണ്ടി വന്നാല്‍ ഇനിയും കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദീന്റെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷന് ഹാളിലാണ് സാമൂഹിക അകലം പാലിച്ച് യോഗം നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ്മാരും വകുപ്പ് തല ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ അനുവദിച്ചാല്‍ എം.എല്‍.എ ഫണ്ട് ക്വാറന്റൈന് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവിനു സാഹചര്യം ഒരുങ്ങിയതോടെ കോവിഡ് പ്രതിരോധത്തിന് സുരക്ഷ സജ്ജീകരണത്തിനുള്ള നിര്‍ദേശങ്ങളാണ് ചര്‍ച്ചയില്‍ ഏറെയും ഉയര്‍ന്നത്. വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ ഏഴു ദിവസക്കാലം നിരീക്ഷണത്തില്‍ കഴിയണമെന്നിരിക്കെ ഇതിന് അനുയോജ്യമായ കേന്ദ്രങ്ങള്‍ കണ്ടെത്തി സജ്ജീകരിച്ചത്. അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര തുടങ്ങി നിയോജകമണ്ഡലത്തിലെ അഞ്ചു തദ്ദേശസ്ഥാപനങ്ങളിലായാണ് കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. നിരീക്ഷണ കാലാവധിയില്‍ നിബന്ധനകള്‍ക്ക് അനുസൃതമായ വാസ സ്ഥലമാണ് വേണ്ടത്. ഇപ്രകാരം അലനല്ലൂര്‍ രണ്ട്, കോട്ടോപ്പാടം രണ്ട്, കുമരംപുത്തൂര്‍ രണ്ട്, മണ്ണാര്‍ക്കാട്, തെങ്കര ഉള്‍പ്പെടെ ഒമ്പത് എന്നിങ്ങനെയാണ് കേന്ദ്രങ്ങള്‍ പരിഗണിച്ചത്. ഇത് പ്രവാസികള്‍ക്ക് അടിയന്തിരമായി സജ്ജമാക്കാന്‍ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങളാണ് സ്വദേശികളുമായി കേരളത്തിലെത്തുന്നത്. ഇതില്‍ ജില്ലയിലേക്ക് 23 പേരാണുള്ളത്. ഇവരെ ആദ്യം ജില്ല കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തി അതാത് മണ്ഡലങ്ങളിലേക്ക് അയക്കും. തുടര്‍ന്ന് ഇവിടെ നിരീക്ഷണ കേന്ദ്രത്തില്‍ 7 ദിവസം കഴിയണം.
ഈ കാലയളവില്‍ ഇവര്‍ക്ക് സ്വന്തം വീടുകളില്‍ നിന്ന് ഭക്ഷണം ലഭിക്കും വിധം അടുത്ത കേന്ദ്രങ്ങള്‍ ക്രമീകരിക്കും. നിരീക്ഷണ കാലാവധിയുടെ സമയക്രമത്തില്‍ അടുത്ത ബാച്ചിന് കേന്ദ്രങ്ങള്‍ വീണ്ടും പ്രയോജനപ്പെടുത്തും. കേന്ദ്രങ്ങളുടെ ലഭ്യത പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് വരുത്തണം. സന്നദ്ധ സേവനത്തിന് വിവിധ സംഘടനകളുടെ യോഗം വിളിക്കും.
സാമ്പത്തിക സഹായം അനിവാര്യമെങ്കില്‍ അസാധാരണ സാഹചര്യത്തില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കാനുള്ള സാധ്യത തേടുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച എം.എല്‍.എ ഷംസുദ്ദീന് അറിയിച്ചു.
തഹസില്‍ദാര്‍ ബാബുരാജ്, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. എന്‍. എന്‍. പമീലി, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ രജി, കെ.പി ഹംസ, ടി. മുഹമ്മദ് ഇല്യാസ്, സാവിത്രി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.