പാലക്കാട്: നോര്‍ക്കസെല്‍ വഴി രജിസ്റ്റര്‍ ചെയ്ത് ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനായി പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ഏറ്റെടുത്തു തുടങ്ങി. ജില്ലയിലെ 88 പഞ്ചായത്തുകളില്‍ നിന്നായി അഞ്ഞൂറിലേറെ കേന്ദ്രങ്ങളാണ് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് തിരഞ്ഞെടുത്തിരിക്കുന്നത്.
പഞ്ചായത്ത് പരിധിയിലെ സ്കൂളുകള്‍, കോളെജുകള്‍, കല്യാണമണ്ഡപങ്ങള്‍, ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളുകള്‍, ഹോസ്പിറ്റലുകള്‍, അഗതി മന്ദിരങ്ങള്‍, വിവിധ സമുദായങ്ങളുടെ ഹാളുകള്‍ തുടങ്ങി അഞ്ഞൂറിലേറെ കേന്ദ്രങ്ങളിലായി ഏഴായിരത്തിലധികം മുറികള്‍ കണ്ടെത്തിയിട്ടുണ്ട്.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അറ്റാച്ച്ഡ് ബാത്ത്റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ജില്ലയില്‍ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, പൊതുമരാമത്ത്്വകുപ്പ് എന്നിവയുടെ കീഴിലുള്ള താമസസൗകര്യമുള്ള എല്ലാ കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററുകളായി മാറ്റും. അന്യസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവര്‍ക്കും കോവിഡ്കെയര്‍ സെന്ററുകളില്‍ ക്വാറന്റൈന് സൗകര്യം ഒരുക്കും. കാല്‍ലക്ഷത്തിലധികം പേരാണ് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിലെ നാലിലൊന്ന് മാത്രമേ മുറികള്‍ കണ്ടെത്തിയിട്ടുള്ളൂ.