പ്രവാസികളുടെ മടക്കം: സുരക്ഷയ്ക്കായി ‘ലോക്ക് ദ ഹൗസ്’

10
നടുവനാട് റോഡരികില്‍ കണ്ടെത്തിയ വേഴാമ്പലുമായി നിധീഷ് ചാലോട്

കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ കര്‍ശനമാക്കും. ‘ലോക്ക് ദ ഹൗസ്’ പദ്ധതി നടപ്പാക്കാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം.
തിങ്കളാഴ്ച മുതലാണ് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ തിരിച്ചെത്തി തുടങ്ങിയത്. വ്യാഴാഴ്ച മുതല്‍ വിദേശത്തുള്ളവരും എത്തിതുടങ്ങും. പ്രവേശനയിടത്ത് തന്നെ പരിശോധന നടത്തിയാണ് ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുക. രോഗലക്ഷണമുള്ളവരെ നേരിട്ട് ആസ്പത്രിയിലേക്ക് അയക്കും. മറ്റുള്ളവര്‍ ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. ഹോം ക്വാറന്റൈന്‍ പ്രായോഗികമല്ലാത്തവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്ന കെയര്‍ സെന്ററുകളില്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമാരുക്കും.
ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ‘ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍’എന്നായിരിക്കും സ്റ്റിക്കര്‍. അനാവശ്യമായ സന്ദര്‍ശനങ്ങള്‍ തടയുകയാണ് ലക്ഷ്യം. ക്വാറന്റൈന്‍ വ്യവസ്ഥകളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശവും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രാദേശിക നിരീക്ഷണവും ഉണ്ടാകും. ജനകീയ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രണ്ട് പാളി നിരീക്ഷണ സംവിധാനമാണ് നടപ്പിലാക്കുക.
വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു സമിതിക്കായിരിക്കും പ്രവര്‍ത്തന ചുമതല. അതിന് കീഴില്‍ ഏതാനും വീടുകള്‍ക്ക് പ്രത്യേക നിരീക്ഷണ സമിതിയും ഉണ്ടാകും. ഇതിനു പുറമെയാണ് രണ്ടാം പാളിയായി പൊലീസിന്റെ നിരീക്ഷണം. നേരിട്ടുള്ള നിരീക്ഷണത്തോടൊപ്പം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വീഡിയോ കോള്‍ വഴിയും ക്വാറന്റൈനില്‍ കഴിയുന്നവരുമായി പൊലീസ് ബന്ധപ്പെടും. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസി. കലക്ടര്‍ ഹാരിസ് റഷീദ് പങ്കെടുത്തു.