ഗര്‍ഭിണികളും വൃദ്ധരും കാത്തിരിക്കുന്നു, എന്ന് നാടണയാനാകും?

74

റസാഖ് ഒരുമനയൂര്‍
അബുദാബി: ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി നൂറുകണക്കിന് പേര്‍ കാത്തിരിക്കുന്നു. ഗര്‍ഭിണികള്‍, രോഗികള്‍, പ്രായം ചെന്നവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, മരണാസന്നരായി കിടക്കുന്ന മാതാപിതാക്കളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള ആയിരക്കണക്കിന് പേരാണ് തങ്ങളുടെ ഊഴം കാത്തിരിക്കുന്നത്.
മൊബൈല്‍ ഫോണുകളിലെ ഓരോ റിംഗ് ട്യൂണും ഇവരുടെ ഹൃദയ താളത്തില്‍ വ്യത്യസ്ത ചലനങ്ങളുണ്ടാക്കിയാണ് കടന്നു പോകുന്നത്. രണ്ടു ലക്ഷത്തോളം പേരാണ് ഇന്ത്യന്‍ എംബസിയില്‍ പേര് നല്‍കി കാത്തിരിക്കുന്നത്. ഷെഡ്യൂള്‍ പ്രഖ്യാപിച്ചതനുസരിച്ച് 2,832 പേര്‍ക്ക് മാത്രമാണ് രണ്ടാം ഘട്ടത്തില്‍ യാത്ര ചെയ്യാന്‍ കഴിയുക.
ഗര്‍ഭിണികള്‍ പലരും കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നത്. ഇവരില്‍ പലരും രോഗലക്ഷണമുള്ളവരായി മാറിയിട്ടുണ്ട്. നിരവധി പേര്‍ രോഗഭീതിയില്‍ കടുത്ത ആശങ്കയിലാണുള്ളത്. ആര്‍ക്കും ഉത്തരം നല്‍കാനാവാത്ത ചോദ്യങ്ങളുമായി ഇവര്‍ ഓരോ വാതിലിലും മുട്ടിക്കൊണ്ടിരിക്കുന്നു. അറിയാവുന്നവരെയൊക്കെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ അനവധിയാണ്. പൊതുപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഇവരുടെ സഹായാഭ്യര്‍ത്ഥനക്ക് മുന്നില്‍ നിസ്സഹായരായി മാറുന്നു.
ഇവരുടെ ബന്ധുക്കളും അറിയാവുന്ന പ്രവാസികളെയെല്ലാം വിളിച്ചു സഹായം തേടുന്നു. പേരിലൊതുങ്ങുന്ന സര്‍വീസ് കൊണ്ട് ഇതു വരെ പറയത്തക്ക പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. രണ്ടു ലക്ഷം പേരില്‍ പോയത് വെറും ഒരു ശതമാനത്തോളം പേര്‍ മാത്രം. അവശേഷിക്കുന്ന 99 ശതമാനവും വിളിയോ മെയിലോ വരുന്നതും കാത്തിരിക്കുന്നു. വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കിയില്ലെങ്കില്‍ പ്രവാസികളുടെ മാനസിക സംഘര്‍ഷം അപകടത്തിലേക്ക് വഴി വെച്ചേക്കുമെന്നുപോലും സംശയിക്കുന്നവരുണ്ട്.