വീടണയുന്നതു വരെ വേവലാതിയുമായി ഗര്‍ഭിണികള്‍; കടുത്ത നിരാശയോടെ സ്വപ്നം തേടിയെത്തിയവര്‍

43

റസാഖ് ഒരുമനയൂര്‍
അബുദാബി: രണ്ടു മാസത്തെ മുറവിളിക്ക് ശേഷം ഇന്നലെ ആദ്യമായി ഇന്ത്യയിലേക്ക് വിമാനം പറന്നുയരുമ്പോള്‍ സന്തോഷത്തെക്കാളുപരി വേവലാതിയാണ് പലരുടെയും മുഖത്ത് നിറഞ്ഞു നിന്നത്. വര്‍ഷങ്ങളായി യാത്ര ചെയ്യുന്നവരുടെ മുഖത്ത് പോലും കടുത്ത മാനസിക പ്രയാസം പ്രതിഫലിക്കുന്നുണ്ടായിരുന്നു.
നാട്ടിലെത്തിയാലും സ്വന്തം വീട്ടിലെത്താന്‍ ഇനിയും ഒരാഴ്ചയെങ്കിലും എടുക്കുമെന്നതു തന്നെയാണ് പ്രധാനമായും പലരെയും പ്രയാസത്തിലാക്കിയത്. ഇത്രയും പേരുടെ ഒന്നിച്ചുള്ള യാത്രയില്‍ തങ്ങള്‍ക്കും കുഞ്ഞിനും യാതൊരുവിധ അണുബാധയും ഉണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെയാണ് ഗര്‍ഭിണികള്‍ വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ ചെലവഴിച്ചത്. അതേസമയം, മുഴുവന്‍ യാത്രക്കാരുടെയും ശരീര താപനില പരിശോധിച്ചും കൊറോണ റാപിഡ് ടെസ്റ്റ് നടത്തിയുമാണ് വിമാനത്താവളത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്.
ജീവിത പങ്കാളിയോടൊപ്പം സന്തോഷം പങ്ക് വെക്കാന്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ കടുത്ത മാനസിക വ്യഥയോടെയാണ് തിരിച്ചു പോകുന്നത്. വന്നിറങ്ങി ദിവസങ്ങള്‍ക്കകം മുറിക്കുള്ളില്‍ അടച്ചു മൂടപ്പെട്ട അവസ്ഥയാണുണ്ടായത്. പിന്നെയുള്ള ഓരോ ദിവസങ്ങളും ആവലാതിയുടെയും ആശങ്കയുടേതുമായിരുന്നു. നീണ്ട ദിവസങ്ങളുടെ പ്രാര്‍ത്ഥനക്കും കാത്തിരിപ്പിനുമൊടുവില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ നേരിട്ട് വീട്ടിലെത്താന്‍ കഴിയാത്ത അവസ്ഥ. ക്വാറന്റീന്‍ ഇടങ്ങളിലെ ജീവിതാനുഭവങ്ങള്‍ എന്തായിരിക്കുമെന്നതിനെ കുറിച്ചും മന:സ്സമാധാനക്കുറവുണ്ട്.
ഏറെ പ്രതീക്ഷയോടെ തൊഴില്‍ അന്വേഷണവുമായി സന്ദര്‍ശക വിസയിലെത്തിയവര്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് വെറും കൈയോടെ നാട്ടിലേക്ക് മടങ്ങുന്ന ദയനീയ അവസ്ഥ. ഇത്തരത്തിലുള്ള നിരവധി പേരാണ് രണ്ടു വിമാനങ്ങളിലുമുള്ളത്. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയോടെ കഴിഞ്ഞവര്‍ പലരും നിറകണ്ണുകളോടെയാണ് വിമാനത്തിലേക്ക് കാലെടുത്തു വെച്ചത്. സന്ദര്‍ശക വിസക്കും ടിക്കറ്റിനുമായി കടം വാങ്ങിയ പണം പോലും തിരിച്ചു കൊടുക്കാന്‍ കഴിയാതെ നാട്ടില്‍ എ ങ്ങിനെ ചെന്നിറങ്ങുമെന്നറിയാതെ ഇവര്‍ കടുത്ത മനോവിഷമത്തിലാണ്.
മക്കളോടൊപ്പം സന്തോഷ ജീവിതം നയിക്കാന്‍ വന്ന മാതാപിതാക്കളും സന്തോഷത്തിന്റെ അനുഭവങ്ങളുമായല്ല തിരിച്ചു വിമാനം കയറിയത്. പ്രായാധിക്യത്തിനിടയിലെ ആഗ്രഹമെന്ന നിലക്കാണ് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വപ്ന ഭൂമിയില്‍ വന്നിറങ്ങിയത്. എന്നാല്‍, ദിവസങ്ങള്‍ക്കകം ലോക്ക്ഡൗണ്‍ ആയിപ്പോയ ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ മാനസിക പ്രയാസം അനുഭവിച്ചിരുന്നു.
വിവിധ രോഗികളുടെ മാനസികാവസ്ഥയും ഇതില്‍ നിന്നും വിഭിന്നമല്ല. ഇവിടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ചികിത്സയും മരുന്നുമുണ്ടായിരുന്ന നിരവധി പേരാണ് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള രോഗബാധിതരെന്ന പരിഗണനയില്‍ നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. ഇവര്‍ നാട്ടിലെത്തിയാല്‍ ചികിത്സക്ക് വകയില്ലാതെ കൂടുതല്‍ പ്രയാസത്തിലായി മാറുമെന്ന ആശങ്കയിലാണ് ഇന്നലെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പോയത്.