അമ്പതിലധികം യാത്രക്കാരുമായി ആലക്കോട്ടെ സ്വകാര്യ ബസ് കസ്റ്റഡിയില്‍

പൊലീസ് പിടികൂടിയ സ്വകാര്യ ബസ്‌

ജീവനക്കാര്‍ക്കെതിരെ കേസ്

ആലക്കോട്: യാത്രക്കാരെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ആലക്കോട് പൊലിസ് കസ്റ്റഡിയിലെടുത്തു. മണക്കടവ് ആലക്കോട് തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദ്വാരക ബസാണ് ഇന്നലെ രാവിലെ പത്തു മണിയോടെ ആലക്കോട് ടൗണില്‍ വെച്ച് പിടികൂടിയത്.
മണക്കടവ് നിന്നും 9.15 ഓടെ പുറപ്പെട്ട ബസ് വഴി നീളെ ആളുകളെ കയറ്റുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും ജീവനക്കാര്‍ കൂട്ടാക്കിയില്ല. കാര്‍ത്തികപുരം ടൗണില്‍ നിന്ന് സ്റ്റാന്റിംഗ് യാത്രക്കാരുമായാണ് പിന്നീട് യാത്ര തുടര്‍ന്നത്. ആലക്കോട് എസ്എച്ച്ഒ കെജെ വിനോയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബസ് പരിശോധിച്ചത്. ഈ സമയം വയോധികര്‍ ഉള്‍പ്പെടെ അമ്പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. യാത്രക്കാരെ മുഴുവന്‍ ആലക്കോട് ടൗണില്‍ ഇറക്കിയതിനു ശേഷം ബസ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് മുന്നറിയിപ്പു നല്‍കി.