കൊറോണ ബാധിച്ച ജീവനക്കാരെ പിരിച്ചുവിടരുതെന്ന് മന്ത്രാലയം

219

ദുബൈ: കൊറോണ വൈറസ് ബാധിച്ച് ജോലിക്ക് ഹാജരാകാത്തതിന്റെ പേരില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരെ പിരിച്ചുവിടരുതെന്ന് യുഎഇ മാനവവിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ ഇവരുടെ അവധി ദിനങ്ങള്‍ പരിഗണിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് ബാധിച്ച ജീവനക്കാരെ സാധാരണ അസുഖമുള്ള കേസുകളായി കൈകാര്യം ചെയ്യാന്‍ മാനവ വിഭവശേഷി, എഎമിറേറ്റൈസേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 1980 ലെ ഫെഡറല്‍ നിയമം നമ്പര്‍ 8 പ്രകാരം അവര്‍ക്ക് അസുഖ അവധി ലഭിക്കാന്‍ അര്‍ഹരാണ്. ഫെഡറല്‍ നിയമമനുസരിച്ച്, ഒരു ജീവനക്കാരന്‍ രോഗബാധിതനാണെങ്കില്‍, അയാള്‍ക്ക് വര്‍ഷത്തില്‍ 90 ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്. ആദ്യത്തെ പതിനഞ്ച് ദിവസം മുഴുവന്‍ ശമ്പളം നല്‍കണം. അടുത്ത മുപ്പത് ദിവസം പകുതി ശമ്പളം നല്‍കണം. തുടര്‍ന്നുള്ള കാലയളവ് ശമ്പളമില്ലാതെയും നല്‍കണം. വൈറസ് ബാധിച്ച ഏതെങ്കിലും ജീവനക്കാരുടെ സേവനം അവസാനിപ്പിക്കരുതെന്ന് മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ക്കനുസൃതമായുള്ള പരാതികള്‍ ജുഡീഷ്യറിയിലേക്ക് റഫര്‍ ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. സേവനം അവസാനിപ്പിക്കുന്നത് ഏകപക്ഷീയമാണോ അല്ലയോ എന്ന് തീരുമാനിക്കാനാണിത്.