പ്രിയപ്പെട്ടവരെത്തി…

8
ദുബൈയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരെ പരിശോധിക്കുന്നു.

കണ്ണൂര്‍: എത്തി, അവര്‍ നാടിന്റെ പ്രിയപ്പെട്ടവര്‍. കരുതലിന്റെ, സ്‌നേഹത്തണലിലാകും ഇനി പ്രവാസ ലോകത്തെ ഭീതി പിന്നിട്ടെത്തിയവര്‍. വൈകുന്നേരം 7.25നാണ് ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ബോയിംഗ് 737 വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. കണ്ണൂരിലിറങ്ങിയ ആദ്യ വിമാനത്തില്‍ എത്തിയത് കേരളത്തിലെ ആറ് ജില്ലകളിലെയും മാഹിയിലെയും പ്രവാസികളില്‍ 182 പേരാണ്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും പൂര്‍ണ സുരക്ഷാ സജ്ജീകരണങ്ങള്‍ക്കിടയിലാണ് സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടങ്ങുന്ന പ്രവാസികളുടെ സംഘം മട്ടന്നൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

കോവിഡ് കെയര്‍ സെന്ററുകളില്‍ 121 പേര്‍
109 പേരാണ് വിമാനത്തിലെത്തിയ കണ്ണൂര്‍ ജില്ലക്കാര്‍. കാസര്‍കോട് 48, കോഴിക്കോട് 12, മലപ്പുറം 8, തൃശൂര്‍ 1, വയനാട്1 ജില്ലകളിലെ യാത്രക്കാരും മാഹി സ്വദേശികളായ 3 പേരും കണ്ണൂരിലിറങ്ങിയ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ 121 പേരെയാണ് കോവിഡ് കെയര്‍ സെന്ററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചത്.
ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 78 പേരെ വീടുകളിലെ ക്വാറന്റൈനിലേക്കും വിട്ടു. സ്വന്തം വാഹനങ്ങളിലും വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സികളിലുമാണ് ഇവരെ വീടുകളിലേക്ക് വിട്ടത്. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസിനു താഴെ പ്രായക്കാരായ കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവരെയുമാണ് വീടുകളിലേക്ക് വിട്ടത്.

അവരിറങ്ങി, പൂര്‍ണ സജ്ജീകരണങ്ങള്‍ക്ക് നടുവില്‍
വിമാനത്തിലെത്തിയവരെ സ്വീകരിക്കാനും പരിശോധനക്കും വിപുല സംവിധാനമാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. ക്വാറന്റൈനിലേക്ക് അയക്കാനും കൃത്യതയാര്‍ന്ന വാഹന സംവിധാനങ്ങളുമൊരുക്കിയിരുന്നു. ജില്ലാഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യു തുടങ്ങി വിവിധവകുപ്പ് ഉദ്യോഗസ്ഥരും ക്രമീകരണങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലുണ്ടായിരുന്നു. യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍.
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകളുണ്ടായിരുന്നു. ഇവിടെ വെച്ചായിരുന്നു ഓരോരുത്തരുടെയും ആരോഗ്യ പരിശോധന. രോഗലക്ഷണങ്ങള്‍ കണ്ടവരെ പ്രത്യേക വഴിയിലൂടെ പുറത്തെത്തിച്ചാണ് ആസ്പത്രിയിലേക്ക് എത്തിച്ചത്. ലഗേജ് പരിശോധനയും പ്രത്യേകമായി നടത്തി. മറ്റു യാത്രക്കാരെ പതിവ് പരിശോധനകള്‍ക്ക് ശേഷം ഓരോ ജില്ലക്കുമായി ഒരുക്കിയ പ്രത്യേക ഇരിപ്പിടങ്ങളിലേക്ക് മാറ്റിയിരുന്നു. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലെത്തിച്ച് മറ്റ് ജില്ലകളില്‍ പോകേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്ക് പ്രത്യേക കെഎസ്ആര്‍ടിസി ബസുകളുമോടി.


ഓടിയത് നാല് ബസുകള്‍
നാല് ബസുകളില്‍ കണ്ണൂര്‍ സ്വദേശികളെയും രണ്ട് ബസുകളില്‍ കാസര്‍കോട്ടുകാരെയും ഒരു ബസില്‍ കോഴിക്കോട്, മാഹി സ്വദേശികളെയുമാണ് യാത്രയാക്കിയത്. കിഡ്‌നി രോഗിയായ മലപ്പുറം സ്വദേശിയെ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.
വീടുകളിലേക്ക് ക്വാറന്റൈനില്‍ പോകുന്ന പ്രത്യേക വിഭാഗത്തിലെ 78 പേരില്‍ കണ്ണൂര്‍ ജില്ലക്കാരായ 47ഉം കാസര്‍കോട് നിന്ന് 20 പേരുമാണുള്ളത്. ജില്ലാ കലക്ടര്‍ ടിവി സുഭാഷ് വിമാനത്താവളത്തിലെ സജ്ജീകരണങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി. സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ.ഹാരിസ് റഷീദ് എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.


അടുത്തയാഴ്ച മുതല്‍ കൂടുതല്‍ വിമാനങ്ങള്‍
പ്രവാസികളുമായി അടുത്തയാഴ്ച മുതല്‍ കൂടുതല്‍ വിമാനങ്ങളെത്തും. വിദേശത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങളുണ്ടാകും. റഷ്യയില്‍ നിന്നും കണ്ണൂരിലേക്ക് വിമാനമെത്തുന്നുണ്ട്.

 

 

യാത്രക്കാരെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിക്കുന്നതിനായി സജ്ജമായ ബസുകള്‍