പ്രിയ പ്രവാസികള്‍ നാടണഞ്ഞു

20
ഇന്നലെ രാത്രി 10.32ന് ദുബൈ വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ യാത്രക്കാര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കുന്നു

ദുബൈ-അബൂദാബി  ഫ്‌ളൈറ്റുകളില്‍ മലപ്പുറം ജില്ലയിലെ 108 പേരാണ് എത്തിയത്

മലപ്പുറം: സുഗന്ധം മണക്കുന്ന കെട്ടിപ്പിടുത്തമില്ലേലും ആശ്വാസ നെടുവീര്‍പ്പും വിടര്‍ന്ന ചിരിയുമായി പ്രവാസി സഹോദരങ്ങള്‍ നാടണഞ്ഞു. പ്രതീക്ഷയുടെ വിമാനമേറി ഇന്നലെ രാത്രി 11 മണിയോടെ കരിപ്പൂരിലെത്തിയ പ്രിയ സുഹൃത്തുക്കളെ ജനിച്ച മണ്ണ് ഹൃദയ പൂര്‍വ്വം വരവേറ്റു. ഒരു നാടിന്റെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനക്ക് ഇതോടെ അല്‍പാശ്വാസമായി. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി ഇന്നലെ ഇറങ്ങിയ രണ്ടുവിമാനങ്ങളും മുസ്്‌ലിം ലീഗുള്‍പ്പെടെ പോഷക സംഘടനകളും സാമുദായിക സംഘടനകളും നടത്തിയ പോരാട്ടങ്ങളും പ്രതിഫലനം കൂടിയാണ്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ 189 യാത്രക്കാരില്‍ മലപ്പുറം ജില്ലക്കാരായി 85 പേരാണുണ്ടായിരുന്നത്. ഇതില്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന 14 പേര്‍, രണ്ട് ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ള നാല് പേര്‍ എന്നിങ്ങനെ 23 പേരെ സ്വന്തം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലേക്ക് അയച്ചു. ഇവരെ ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ വീട്ടില്‍ തുടരാന്‍ അനുവാദം നല്‍കി.
അതേസമയം അബൂദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ വിമാനത്തില്‍ 23 പേര്‍ മലപ്പുറം ജില്ലക്കാരാണ്. രാത്രി പത്ത് മണിയോടെ ഇവര്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇവരില്‍ അഞ്ച് പേരെ വിവിധ കാരണങ്ങളാല്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിനയച്ചു. ശേഷിക്കുന്ന 18 പേരെ കോഴിക്കോട് സര്‍വകലാശാലയുടെ ഇന്റര്‍ നാഷണല്‍ ഹോസ്റ്റലിലെ ശുചിമുറി സൗകര്യങ്ങളോട് കൂടിയ മുറികളില്‍ നിരീക്ഷണത്തിലാക്കി.
പരിശോധനകളില്‍ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തവരെ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള കാളികാവിലെ സഫ ഹോസ്പിറ്റലിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി. ശുചിമുറി സൗകര്യങ്ങളോട് കൂടിയ 100 പ്രത്യേക മുറികളാണ് ഇവിടെ ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. പ്രവാസികളെ ആസ്പത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേക്കു മാറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ ഒരുക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മതിയായ ആരോഗ്യ ജാഗ്രത ഉറപ്പാക്കിയാണ് ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോയത്.
മുസ്്‌ലിം ലീഗിന്റെയും പ്രവാസി പോഷക സംഘടനയായ കെ.എം. സി.സിയുടെയും പോരാട്ടത്തിന്റെ ഫലമായാണ് പ്രവാസികള്‍ ഇന്നലെ നാടണഞ്ഞത്. ഭരണകൂടം പല കാരണങ്ങള്‍ പറഞ്ഞ് പ്രവാസികളെ അവഗണിച്ചപ്പോള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാന പ്രകാരം സമരരംഗത്തിറങ്ങി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് മുനവ്വറലി തങ്ങളും നേതൃത്വം നല്‍കി.
മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ പോരാട്ടത്തിന്റെ മുന്‍ നിരയില്‍ നിന്നു. മുസ്്‌ലിം ലീഗ് എം.എല്‍.എമാരുടെ നിരന്തരമുള്ള മുറവിളി അധികാരികളുടെ കണ്ണുതുറപ്പിച്ചു. കെ.എം. സി.സി കോടതി കയറിയിറങ്ങിയാണ് ഈ വിഷയത്തില്‍ അനുകൂല നിലപാട് കരസ്ഥമാക്കിയത്. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അവര്‍ക്ക് വേണ്ടി ക്വാറന്റൈന്‍ സൗകര്യത്തിന് സ്വന്തം സ്ഥാപനങ്ങള്‍ വിട്ടുനല്‍കാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മുസ്്‌ലിം ലീഗ് നേതാക്കളാണ്.
ഈ വിഷയത്തില്‍ വിവിധ സാമുദായിക സംഘടനകള്‍ കൈകൊണ്ട നിലപാടും പ്രശംസനീയമാണ്. മുസ്്‌ലിംലീഗ് നേതൃത്വം നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങളെല്ലാം പ്രവാസി സുഹൃത്തുക്കള്‍ക്ക് കാറന്റൈന്‍ സൗകര്യമൊരുക്കാന്‍ തയ്യാറാണെന്നറിയിച്ച് രംഗത്ത് വന്നു. എം.എല്‍. എമാര്‍ സ്വന്തം മണ്ഡലത്തില്‍ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ചും മുസ്്‌ലിം ലീഗ് വലിയ പോരാട്ടത്തിന് തുടക്കമിട്ടിട്ടുണ്ട്. സങ്കടങ്ങളെ മാസ്‌കിട്ട് മറച്ച്, കാലിയായ കൈകളില്‍ സാനിറ്ററിട്ട്, നമ്മളില്‍ നിന്നും കുറച്ചകലെ ക്വറന്റൈന്‍ സെന്ററുകളില്‍ അവര്‍ നില്‍ക്കുമ്പോള്‍ പ്രതീക്ഷയുടെ ചിറക് നല്‍കാന്‍ നമുക്കായാല്‍ ഈ നാടിനെ ഇന്നലെ വരെ പൊന്നു പോലെ നോക്കിയവരെ തുടര്‍ജീവിതം സന്തോഷകരമാക്കാന്‍ നമുക്കാവും. അതിനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും.

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനക്ക് വിധേയരാകാത്ത പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം
മലപ്പുറം: പുറപ്പെടുന്ന സ്ഥലത്ത് പരിശോധനക്ക് വിധേയരാകാത്ത പ്രവാസികള്‍ കേരളത്തിലെത്തുമ്പോള്‍ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനില്‍ കഴിയണം. നേരത്തെയുള്ള ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിയാണ് നോര്‍ക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19 പരിശോധനക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.
സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ജില്ലാ ഭരണകൂടമാണ് ഇവര്‍ക്കുള്ള താമസം ഒരുക്കുന്നത്. ഇവര്‍ക്ക് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള ഗതാഗതസൗകര്യം വിമാനത്താവള ജില്ലകളിലെ കലക്ടര്‍മാര്‍ ഒരുക്കും.