പുഞ്ചപ്പാടത്തെ അപകടമരണം: വീടെത്തുംമുമ്പേ മരണമെത്തി അപകടം വീടിന് 100മീറ്റര്‍ മാത്രം അകലെ

25
പുഞ്ചപ്പാടത്തുണ്ടായ അപകടത്തില്‍ തലകീഴായി മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു

ശ്രീകൃഷ്ണപുരം:പുഞ്ചപ്പാടത്ത് വെള്ളിയാഴ്ച്ച രാത്രി 8 മണിയോടെ സിമന്റ് കയറ്റി വന്ന ലോറി സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം നടന്നത് മരിച്ച ദമ്പതികള്‍ താമസിച്ച വീടിന്റെ 100 മീറ്റര്‍ മാത്രം അകലെ.ദമ്പതികള്‍ രണ്ട് മിനുറ്റ് നേരത്തെയോ അല്ലെങ്കില്‍ സിമന്റ് ലോറി രണ്ട് മിനുറ്റ് കഴിഞ്ഞോ വന്നിരുന്നെങ്കില്‍ ഒഴിവാകുമായിരുന്ന ദാരുണ അന്ത്യം.ലോറി മറിഞ്ഞു വലിയ ശബ്ദം കേട്ട് മകന്‍ ശ്രീരാഗും അപകട സ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു.സ്വന്തം അച്ഛനും അമ്മയും ലോറിക്കടിയില്‍ കിടന്ന് മകനെ വിളിച്ച് പ്രാണ രക്ഷാര്‍ത്ഥം കരഞ്ഞിരിക്കാം. ആള്‍ക്കൂട്ടത്തിനിടയില്‍ കാഴ്ച്ചക്കാരനായി നില്‍ക്കുമ്പോഴാണ് ഒപ്പമുള്ളവര്‍ സ്‌കൂട്ടി ബൈക്കിന്റെ നമ്പര്‍ പറയുന്നത്.അപ്പോഴാണ് തന്റെ മാതാപിതാക്കളാണ് ലോറിക്കടിയില്‍ ഉള്ളതെന്ന് ശ്രീരാഗും അറിയുന്നത്. വെള്ളിനേഴി പഞ്ചായത്തിലെ കല്ലുവഴിയാണ് ഗോപാലകൃഷ്ണന്റെ ജന്മദേശം.അടുത്ത കാലത്താണ് പുഞ്ചപ്പാടത്ത് വാടകവീട്ടില്‍ താമസം തുടങ്ങിയത്.തുടര്‍ന്ന് ഇവര്‍ പുഞ്ചപ്പാടത്ത് തന്നെയുള്ള പുതിയ വീടിന് അഡ്വാന്‍സ് കൊടുത്തിരുന്നു.ഒന്നര മാസമായി ഈ വീട്ടിലാണ് ഗോപാലകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്.

ലോറി ഡ്രൈവര്‍ പിടിയില്‍
ശ്രീകൃഷ്ണപുരം:പുഞ്ചപ്പാടത്ത് സിമന്റ് കയറിവന്ന ലോറി സ്‌കൂട്ടി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ലോറി െ്രെഡവറെ ശ്രീകൃഷ്ണപുരം സി.ഐ. കെ.എം ബിനീഷ് അറസ്റ്റ് ചെയ്തു.കോയമ്പത്തൂര്‍ സിങ്കനെല്ലൂര്‍ വേലതാവളം അയ്യന്‍ ലേ ഔട്ട് സ്ട്രീറ്റില്‍ ഞായകത്താറം വീട്ടില്‍ വിന്‍സെന്റ്(47)ആണ് അറസ്റ്റിലായത്. അപകടം നടന്ന ഉടന്‍ ഓടി രക്ഷപ്പെട്ട വിന്‍സെന്റ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. വിന്‍സെന്റിനെ ജാമ്യത്തില്‍ വിട്ടു.