മാലിന്യ നിക്ഷേപമെന്ന് പരാതി; അന്വേഷിക്കാനെത്തിയ പഞ്ചായത്ത് അംഗത്തിന് നേരെ കൈയേറ്റ ശ്രമം

8
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ചിറക്കല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി നടത്തിയ വാര്‍ഡ് തല പരിശോധന

പുതിയതെരു: ചിറക്കല്‍ പഞ്ചായത്തില്‍ സാനിറ്റേഷന്‍ കമ്മിറ്റിയില്‍ ഉയര്‍ന്ന മാലിന്യ നിക്ഷേപ പരാതി അന്വേഷിക്കാനെത്തിയ പഞ്ചായത്ത് അംഗത്തിന് നേരെ കൈയേറ്റ ശ്രമം. പഞ്ചായത്ത് അംഗം അഞ്ചാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിപി ജലാലുദ്ദീനെയാണ് അസഭ്യം പറഞ്ഞ് കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി.
കീരിയാട് സോമില്ലിന് സമീപത്തെ താമസക്കാരന്‍ വാടക ക്വാര്‍ട്ടേഴ്സ് ഉടമയാണ് അസഭ്യം പറഞ്ഞ് കൈയേറ്റത്തിന് ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പരിസരത്ത് കൂട്ടിയിട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ജലാലുദ്ദീനും അഞ്ചാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ചിറക്കല്‍ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മേരി ജോസഫും ആശാവര്‍ക്കര്‍ ടി ലീന, കുടുംബശ്രീ എഡിഎസ് അംഗം ശോഭ, മുന്‍പഞ്ചായത്ത് അംഗം ഷറഫുദ്ദീന്‍, സാനിറ്റേഷന്‍ കമ്മിറ്റി അംഗം സിഎച്ച് സനില്‍ തുടങ്ങിയ സംഘം പരിശോധനക്ക് എത്തിയിരുന്നു. ആറ് മുറികളിലായി 35ഓളം പേര്‍ താമസിക്കുന്ന ഇരുനില കെട്ടിടവും പരിസരവുമാണ് പരിശോധിച്ചത്. മഴക്കാലത്ത് പകര്‍ച്ച വ്യാധി സാധ്യതയുള്ളതിനാല്‍ ശുചീകരണം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കി. മാലിന്യം നീക്കം ചെയ്യാന്‍ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും കെട്ടിട ഉടമ സമ്മതിക്കില്ലെന്നായിരുന്നു മറുപടി.
ഉടമയെ വിളിച്ച് വരുത്തി കാര്യങ്ങള്‍ വിശദീകരിക്കവെയാണ് അസഭ്യം പറഞ്ഞ് പഞ്ചായത്ത് അംഗത്തെ കൈയേറ്റത്തിന് ശ്രമിച്ചത്. കെട്ടിടത്തിന് സമീപം വ്യാപകമായി പ്ലാസ്റ്റിക്കുള്‍പ്പെടെ കൂട്ടിയിടുന്നതും കത്തിക്കുന്നതും പരാതിക്കിടയാക്കിയതിനാല്‍ പലതവണ അറിയിച്ചിട്ടും കെട്ടിട ഉടമ തയ്യാറായില്ലെന്നും പറയുന്നു. വാര്‍ഡിലെ വൃത്തിഹീനമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ശുചീകരണത്തിന് നിര്‍ദ്ദേശം നല്‍കിയതായി ചിറക്കല്‍ പ്രാഥമിക കേന്ദ്രം ഹെല്‍ത്ത് നഴ്‌സ് മേരി ജോസഫ് പറഞ്ഞു.