പുതുനഗരം: രണ്ടുദിവസം മുമ്പുവരെ ശുചീകരണമില്ലാതെ മാലിന്യ ദുര്‍ഗന്ധം കാരണം നിര്‍ത്തിവെച്ച പുതുനഗരം മീഞ്ചന്ത സ്ഥലം വിപുലമായ രീതിയില്‍ ശുചീകരിച്ചു. ജനകീയ സമിതി ശുപാര്‍ശ പ്രകാരം ചന്തവ്യാപാരികളുടെ സ്വന്തം ചിലവില്‍ ജെ.സി.ബി ഉപയോഗിച്ചാണ് ചിതറിക്കിടന്ന മാലിന്യനീക്കം ചെയ്തത്. കെ.ബാബു എം.എല്‍.എ, പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് എം.എം മുഹമ്മദ് ഫാറൂഖ്, പൊലിസ് സേന, ഫയര്‍ഫോഴ്സ് യൂണിറ്റ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഐ.ഇസ്മയില്‍, ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. അടിയന്തരമായി അണുനാശിനി തളിക്കുവാനും തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ അടിയന്തരമായി ജനകീയ സമിതി ചെയര്‍മാനും പുതുനഗരം പഞ്ചായത്ത് പ്രസിഡന്റുമായ എം.എം ഫാറുഖിന്റെ അധ്യക്ഷതയില്‍ മീഞ്ചന്ത പുനരാരംഭിക്കുന്നത് സംബന്ധിച്ച് തിരുമാനമെടുക്കും. ജനകീയസമിതിയില്‍ സര്‍വ്വകക്ഷി പാര്‍ട്ടി നേതാക്കളും ജനകീയ സമിതി അംഗങ്ങളാണ്. ആരോഗ്യ വകുപ്പ് വീണ്ടും സ്ഥലം സന്ദര്‍ശിച്ച് വീണ്ടും പരിശോധന നടത്തും. തിങ്കളാഴ്ച്ചത്തെ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായാല്‍ അന്നുതന്നെ ചന്തപുനരാരംഭിക്കാനും ആലോചിക്കുന്നുണ്ട്. നിലവില്‍ മീഞ്ചന്തയിലെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ ഫണ്ട് അനുവദിക്കുന്ന കാരും പരിഗണനയിലുണ്ടെന്നും കെ.ബാബു എം.എല്‍.എ. അറിയിച്ചു. മത്സ്യമാംസാവശിഷ്ടം അസഹനീയമാവുന്നതായി നാട്ടുകാര്‍ രംഗത്തെത്തിയതോടാണ് ചന്ത നിര്‍ത്താന്‍ പഞ്ചായത്തധികൃതര്‍ നിര്‍ബന്ധിതരായത് കൂടുതല്‍ വ്യാപാരികള്‍ വര്‍ഷങ്ങളായി മത്സ്യ കച്ചവടത്തിലാണ് ഉപജീവനം നടത്തി വരുന്നത്. ഇതുകൂടാതെ നിരവധി ഡ്രൈവര്‍മാരും സമീപത്തെ ഇതര വ്യാപാരികളും ചന്തക്കച്ചവവുമായി ബന്ധപ്പെട്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ജനകീയ സമിതി അടിയന്തരമായി ഇടപെടല്‍ നടത്തി ചന്തപുനരാംരംഭിക്കാന് നടപടികള്‍ എടുത്തിരിക്കുന്നത്.