ദുബൈ: വിദേശത്ത് നിന്ന് കേരളത്തില്‍ തിരികെ എത്തുന്നവര്‍ ക്വാറന്റീനില്‍ പോകുമ്പോള്‍ ചെലവ് സ്വയം വഹിക്കണമെന്ന കേരള സര്‍ക്കാര്‍ നിലപാട് നിന്ദ്യവും ക്രൂരവും അപലപനീയവുമാണെന്ന് യുഎഇ കെഎംസിസി. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ഈ ചതി തിരിച്ചറിയുന്നവരാണ് പ്രവാസി സമൂഹമെന്നും പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്, ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ട്രഷറര്‍ അബ്ദുല്ല ഫാറൂഖി, സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കണ്ടം, മറ്റു ഭാരവാഹികളായ ഹുസൈനാര് ഹാജി എടച്ചാക്കൈ, നിസാര്‍ തളങ്കര, എം.പി.എം റഷീദ്, അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, പി.കെ.എ കരീം, സൂപ്പി പാതിരിപ്പറ്റ, അബു ചിറക്കല്‍, മുസ്തഫ മുട്ടുങ്ങല്‍ എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജോലി തേടിപ്പോയി വെറും കയ്യോടെ മടങ്ങുന്നവരും മാസങ്ങളായി ജോലിയില്ലാതെ കഴിഞ്ഞവരും ജോലി നഷ്ടപ്പെട്ടവരുമാണ് തിരികെ എത്തുന്നവരില്‍ ഭൂരിഭാഗവുമെന്നിരിക്കെ, അവരെ ആരോഗ്യ-സുരക്ഷാ കാരണങ്ങളാല്‍ പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നതിന് പോലും പണം ഈടാക്കുന്ന സര്‍ക്കാറിന്റെ നിലപാട് ക്രൂര മനസ്സാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഗര്‍ഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ മാത്രമാണ് വീടുകളിലേക്കോ ആസ്പത്രികളിലേക്കോ മാറ്റുന്നത്. ജോലി നഷ്ടപ്പെട്ടു വരുന്നവരും സര്‍ക്കാര്‍ നല്കുന്ന ക്വാറന്റീന് ബില്ല് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അംഗീകരിക്കാനാവാത്തതാണ്. കേരളത്തെ ഇത്രയും കാലം തീറ്റിപ്പോറ്റിയവര്ക്ക് ആപത്ത് വന്നപ്പോള്‍ അവരെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല, ചൂഷണം ചെയ്യാനും ദ്രോഹിക്കാനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
10 ശതമാനം പോലും വരാത്ത പണക്കാരുടെ പട്ടികയില്‍ 90 ശതമാനം വരുന്ന പാവപ്പെട്ടവരെ ചേര്‍ത്താണ് കേരള സര്‍ക്കാര്‍ ഈ നടപടി എടുത്തിരിക്കുന്നത്. ഇത് നീതിയല്ല. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുന്നവരും ജോലി നഷ്ടപ്പെട്ടവരുമായ പ്രവാസികളോട് ചെയ്യുന്ന ഈ ക്രൂരത തുല്യത ഇല്ലാത്തതാണ്. ഇതിനെതിരെ കേരള ജനത ശക്തമായി പ്രതിഷേധിക്കണം. ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.