ക്വാറന്റീന്‍ ചെലവ് പ്രവാസികള്‍ സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം

സലാം പാപ്പിനിശ്ശേരി
(ചെയര്‍മാന്‍, ഗ്‌ളോബല്‍ പ്രവാസി അസോസിയേഷന്‍)

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് ദുരിത മേഖലകളില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികളുടെ മടങ്ങിവരവ് നിരുത്സാഹപ്പെടുത്താനുള്ളതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന പ്രവാസികളോടുള്ള സര്‍ക്കാറിന്റെ ഈ നയം ഇനിയെങ്കിലും അവസാനിപ്പിക്കണം. ഈ സന്ദര്‍ഭത്തില്‍ ഇത്തരത്തിലുള്ള ക്രൂരമായ നടപടികള്‍ സ്വീകരിക്കരുതെന്നേ അഭ്യര്‍ത്ഥിക്കാനുള്ളൂ.
വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റീന്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ക്വാറന്റീന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജോലി നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയില്‍ വന്ന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവര്‍, വിമാന ടിക്കറ്റെടുക്കാന്‍ പോലും നിവൃത്തിയില്ലാതെ പല സംഘടനകളുടെയും സഹായത്താല്‍ നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ എങ്ങനെയാണ് ക്വാറന്റീനില്‍ കഴിയാനും കൂടി പണം കണ്ടെത്തുക? കരളുറപ്പുള്ള കേരളത്തിന് കാവലായി കേരള സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് വാഴ്ത്തിപ്പാടിയവരാണ് ഭൂരിഭാഗം പ്രവാസികളും അവരുടെ നെറുകയിലാണ് കേരള സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ആണി അടിച്ചിറക്കുന്നത്. ജന്മനാട്ടില്‍ തിരിച്ചെത്താനുള്ള അവകാശം ഓരോ പ്രവാസിക്കുമുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരെ ചേര്‍ത്തു നിര്‍ത്തുന്നതിന് പകരം ആട്ടിയോടിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണോ മന്ത്രിയുടെ ഈ നിലപാടിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാറിന്റെ ഈ നിലപാടിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധമിരമ്പുകയാണ്. പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും കയറി വരൂവെന്നും പറഞ്ഞപ്പോള്‍ വേറെ എവിടെയുമില്ലാത്ത കരുതല്‍ നമ്മുടെ സര്‍ക്കാര്‍ ചെയ്യുന്നുവെന്നോര്‍ത്ത് അഭിമാനമുണ്ടായിരുന്നു. എന്നാല്‍, കോവിഡ് 19 പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായി മടങ്ങുന്നവരുടെ കയ്യില്‍ നിന്നും ക്വാറന്റീന്‍ ഫീസ് കൂടി ഈടാക്കാനൊരുങ്ങുമ്പോള്‍ അത്തറിന്റെ സുഗന്ധമില്ലാതെ വരുന്നവനെ കേരളത്തിന് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ പറയാതെ പറയുകയാണോയെന്ന് ചോദിക്കുകയാണ് ഓരോ പ്രവാസിയും. വെറും 5,000ത്തില്‍ താഴെ പ്രവാസികള്‍ മാത്രമേ ഇപ്പോള്‍ നാട്ടിലെത്തിയിട്ടുളളൂ. ബാക്കി ലക്ഷക്കണക്കിന് പ്രവാസികളും ഇവിടെ അനാഥമായി കിടക്കുകയാണ്. അവരൊയൊക്കെ നിന്നിടത്തു തന്നെ നിര്‍ത്താനുള്ള ഈ ബുദ്ധി ആരുടേതാണെങ്കിലും അതൊന്നും വിലപ്പോകില്ല. അവസ്ഥയറിഞ്ഞിട്ടും കഴുത്തറുക്കുന്ന സര്‍ക്കാറിന്റെ ഈ നയവും ഞങ്ങള്‍ അതിജീവിക്കും. കാരണം, ഞങ്ങള്‍ നില്‍ക്കുന്നത് ഞങ്ങളെ ഞങ്ങളാക്കിയ മണ്ണിലാണ്.
എന്തിനുമേതിനും ഒപ്പമുണ്ടാകുമെന്ന് പ്രവാസികളെ തെറ്റദ്ധരിപ്പിച്ച മുഖ്യമന്ത്രി വിദേശത്ത് മരിക്കുന്ന സ്വന്തം ജനതക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ പോലും മറന്നു. ഇതിലൂടെയും പ്രവാസികളോടുള്ള വിവേചനം ചൂണ്ടിക്കാണിക്കുന്ന നിലപാടാണ് ഇവിടെ വ്യക്തമാകുന്നത്. ഈ സമയവും കടന്ന് പോകും. ഗള്‍ഫിന്റെ വസന്ത കാലം ഒരിക്കല്‍ തിരിച്ചു വരികയും ചെയ്യും. അന്ന് എല്ലാം മറക്കുന്ന പ്രവാസി ഒരുപക്ഷെ ഇത് മറന്നെന്നു വരില്ല. പൊതുജനങ്ങളോടുള്ള കേരള സര്‍ക്കാറിന്റെ സേവനത്തെ കുറിച്ചുള്ള വാഴ്ത്തിപ്പാടലുകളെല്ലാം തന്നെ ഏറ്റുപാടിയവരാണ് ഞങ്ങള്‍ പ്രവാസികള്‍. ആത്മാര്‍ത്ഥതയോടെ നിങ്ങള്‍ക്ക് വേണ്ടി കയ്യടിച്ച് ഞങ്ങള്‍ പാടിയ പാട്ടിനെ വെറും പാണപ്പാട്ട് മാത്രമായി കണ്ടതില്‍ വളരെയധികം ദു:ഖമുണ്ട്. എന്നിരുന്നാലും, ആപത്തില്‍ മുഖം തിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, ഞങ്ങള്‍ അതിജീവിക്കുക തന്നെ ചെയ്യും.