മലപ്പുറം: സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയ ഖുര്‍ആന്‍ റെഡി. കാലങ്ങളായി മനസ്സില്‍ താലോലിച്ച വലിയൊരു ആഗ്രഹം പൂര്‍ത്തീകരിച്ച സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സ്വദേശി ഷബീബ്. 2019 സെപ്തംബര്‍ 17ന് മുഹറം 18നാണ് മഞ്ചേരി പയ്യനാട് ചോലക്കല്‍ സ്വദേശി ഷബീബ് ഖുര്‍ആന്‍ സ്വന്തമായി എഴുതി തയാറാക്കുകയെന്ന വലിയ ലക്ഷ്യത്തിന് തുടക്കമിട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയെന്നതായിരുന്നു ടാര്‍ജറ്റ്. ദിവസവും ഒരു എ ഫോര്‍ ഷീറ്റ് വീതം എഴുതി തുടങ്ങി. 200 ദിവസം ഇങ്ങനെ പിന്നിട്ടു. ഇതിനിടക്കാണ് കോവിഡ്19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. കോട്ടക്കല്‍ ബ്രിഡ്കോ ആന്റ് ബ്രിഡ്കോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റിയായ ഷബീബിന് അപ്രതീക്ഷിതമായി കിട്ടിയ അവധി എഴുത്തിന് വേഗത കൂട്ടി. വീട്ടിലിരിക്കുന്ന സമയം കൂടുതല്‍ ഉപയോഗപ്പെടുത്തി ദിവസവും രണ്ടു വീതം ഷീറ്റുകള്‍ എഴുതാന്‍ തുടങ്ങി. ഇതോടെ 238 ദിവസത്തിനുള്ളില്‍ തന്നെ ഖുര്‍ആന്‍ മുഴുവനായും എഴുതി തീര്‍ക്കാനായി. വീട്ടിലുളളവരുടെ പൂര്‍ണ പിന്തുണ കൊണ്ടാണ് കരുതിയതിലും നേരത്തെ ഖുര്‍ആന്‍ തയാറായതെന്ന് ഷബീബ് പറയുന്നു. ബൈന്റിങും അനുബന്ധ മിനുക്ക് പണിയും കൂടെ പൂര്‍ത്തിയായാല്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ഖുര്‍ആന്‍ എന്ന വലിയ സ്വപ്നമാണ് സഫലമാകുന്നത്. ഖുര്‍ആന്‍ അവതരിച്ച റമസാന്‍ മാസത്തില്‍ തന്നെ ഖുര്‍ആന്‍ എഴുതി തീര്‍ക്കാനായതില്‍ വലിയ സന്തോഷമുണ്ട് ഷബീബിന്. ബൈന്റിങ് കഴിഞ്ഞതിന് ശേഷം തന്റെ ഖുര്‍ആന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കാണിക്കണമെന്ന ആഗ്രഹം കൂടി ബാക്കിയുണ്ട്. ഷബീബ് ഖുര്‍ആന്‍ എഴുതി തയാറാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ടിക്്ടോകിലൂടെ ലക്ഷങ്ങളാണ് ഷബീബിന്റെ വീഡിയോ കണ്ടത്. ഇതിലൂടെ നിരവധിയാളുകളാണ് ഷബീബിന് ആശംസകളുമായി രംഗത്തുവന്നത്. പലരും കൈയ്യെഴുത്ത് പതിപ്പിനായി സമീപിക്കുന്നുണ്ടെങ്കിലും വീട്ടില്‍ തന്നെ സൂക്ഷിക്കാനാണ് ഷബീബിന്റെ തീരുമാനം. പട്ടര്കളത്തിങ്ങല് കുഞ്ഞിമുഹമ്മദിന്റെയും മറിയകുട്ടിയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകനായ ഷബീബ് ചോലക്കല്‍ യൂണിറ്റ് എം.എസ്.എഫ് പ്രസിഡന്റാണ്. ഷമീം, ഷബീര്‍, ഫവാസ് എന്നിവ സഹോദരങ്ങളാണ്.