നിരീക്ഷണ കേന്ദ്രം; നിലപാടില്ലാതെ അധികൃതര്‍

39
കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നിരീക്ഷണ കേന്ദ്രമായ കല്ലടി സ്‌കൂളിലേക്ക് കട്ടിലകള്‍ വാഹനത്തില്‍ കയറ്റുന്ന ജനപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും.

ഓടിത്തളര്‍ന്ന് ഗ്രാമപഞ്ചായത്തും സന്നദ്ധ പ്രവര്‍ത്തകരും

മണ്ണാര്‍ക്കാട്: നിരീക്ഷണ കേന്ദ്രങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ലാതെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറിമറിയുന്നു. മണിക്കൂറുകള്‍ക്കിടെ മാറുന്ന തീരുമാനങ്ങളില്‍ ഓടി തളര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് നിരീക്ഷണത്തിലായി ആളുകള്‍ എത്തിതുടങ്ങുന്നതിടെ ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് ക്വാറന്റൈയിന്‍ കേന്ദ്രങ്ങിളിലെ ആളുകളെ അവരുടെ വീട്ടിലേക്ക് അയക്കാന്‍ നിര്‍ദ്ദേശം വന്നത്. ചീഫ് സെക്രട്ടറിയുടെ വീഡിയൊ കോണ്‍ഫറന്‍സിലാണ് ക്വാറന്റൈനിലായ ആളുകളെ അവര്‍ വന്ന സോണ്‍ ഏതെന്ന് നോക്കാതെ അവരുടെ വീട്ടിലേക്ക് ക്വാറന്റൈയിനിലേക്ക് അയക്കണമെന്ന അറിയിപ്പുണ്ടായത്. ഇതിനോടകം തന്നെ ജനപ്രതിനികളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ക്വാറന്റൈയിന്‍ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ബെഡ്, കട്ടില, വെളളം, വെളിച്ചം, ഭക്ഷണം, സാനിറ്ററൈസേഷന്‍ അടക്കമുളള എല്ലാ സൗകര്യങ്ങളുമൊരുക്കിയിരുന്നു. ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ കേന്ദ്രങ്ങളുടെ സജ്ജീകരണ പൂര്‍ത്തിയാക്കി അടുത്ത കേന്ദ്രങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിനിടെയാണ് അധികൃതരുടെ പുതിയ അറിയിപ്പ് വന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേക ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യുകയും അത് പ്രകാരം എത്തുന്നവരെ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുമുളള ക്വാറന്റൈയിന്‍ കേന്ദ്രങ്ങളില്‍ ഏഴ് ദിവസം പാര്‍പ്പിക്കുകയും വേണം. ഇങ്ങനെ എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ഇതിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ രാവും പകലുമില്ലാതെയാണ് ഗ്രാമപഞ്ചായത്തുകളും ആരോഗ്യ വകുപ്പും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് സൗകര്യപ്രദമായ സ്‌കൂളുകളും മറ്റും കണ്ടെത്തി ശുചീകരിച്ച് താമസയോഗ്യമാക്കിയത്.
നിലവില്‍ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത് വിദേശത്ത് നിന്നും അന്യസംസ്ഥനങ്ങളില്‍ നിന്നും വരുന്നവരിലാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴും ക്വാറന്റൈയിന്‍ സംവിധാനങ്ങള്‍ നിരന്തരം മാറ്റുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കുന്നുണ്ട്. നേരത്തെ കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പിലും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവിന്റെ അഭാവവുമുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ഇതുകാരണം പല ഗ്രാമപഞ്ചായത്തുകളിലും സാധനസാമഗ്രികള്‍ വാങ്ങിയ തുക പോലും കൊടുത്തിട്ടില്ലെന്നാണ് അറിയുന്നത്. ഒട്ടുമിക്ക ഗ്രാമപഞ്ചായത്തുകളിലും പൊതുപ്രവര്‍ത്തകരും സന്നദ്ധ സംഘട പ്രവര്‍ത്തകരും കടയുടമകളും തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുളളവരുടെ സഹായ സഹകരണത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തി പോന്നത്. എന്നാല്‍ വാക്കുകൊണ്ട് പോലും സഹകരിക്കാത്തവരുടെ ഇരട്ടത്താപ്പും, സഹായങ്ങള്‍ തടഞ്ഞ് വെച്ചവരും എട്ടുകാലി മമ്മൂഞ്ഞായി ചമഞ്ഞതും മറക്കും മുമ്പെയാണ് അധികൃതരുടെ വ്യക്തതയില്ലാത്ത നിര്‍ദ്ദേശങ്ങളും നടപടികളും കൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ നെട്ടോട്ടമോടിപ്പിക്കുന്നത്.