ക്വാറന്റൈന്‍ കര്‍ശനമാക്കി കണ്ണൂര്‍

9

പ്രവാസി മടക്കം; ഇതുവരെ ജില്ലയിലെത്തിയത് 3500ലേറെ പേര്‍

കണ്ണൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ ക്വാറന്റൈന്‍ കര്‍ശനമാക്കും. ക്രമീകരണങ്ങള്‍ ജില്ലാ കലക്ടര്‍ ടിവി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.
ആസ്പത്രി, കോവിഡ് കെയര്‍ സെന്റര്‍ നിരീക്ഷണത്തോടൊപ്പം ഹോം ക്വാറന്റൈനും കാര്യക്ഷമമായാല്‍ മാത്രമേ വ്യാപന സാധ്യത ഇല്ലാതാക്കാനാവൂ എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വാര്‍ഡ് തലത്തില്‍ പൊലിസ്, തദ്ദേശ സ്ഥാപന പ്രതിനിധി, ആരോഗ്യ വകുപ്പ് പ്രതിനിധി എന്നിവരുടെ നേതൃത്വത്തില്‍ സമിതികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ലോക്ക് ദി ഹോം എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്. മുന്‍ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് പോലും രോഗബാധ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കോവിഡ് സെന്ററിലേക്ക് മാറ്റുന്നതുള്‍പ്പെടെ നടപടികള്‍ കൈക്കൊള്ളും. മൊബൈല്‍ ആപ്പ് വഴിയും നിരീക്ഷണം ശക്തമാക്കും.
കാലിക്കടവ്, മാഹി, നെടുമ്പൊയില്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച ചെക്ക്പോയിന്റുകളിലൂടെ കര്‍ശന സ്‌ക്രീനിംഗിന് വിധേയമാക്കിയ ശേഷമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ജില്ലയിലേക്ക് കടത്തിവിടുന്നത്. ഈ മാസം നാല് മുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെ 3500 ലേറെ പേര്‍ ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 10 പേരെ ആസ്പത്രികളിലും റെഡ് സോണ്‍ മേഖലകളായ ജില്ലകളില്‍ നിന്നെത്തിയ 568 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 2945 പേരെ വീടുകളിലുമാണ് നിരീക്ഷണത്തിലാക്കിയത്.
കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി 21 വിദേശ മലയാളികളും ഇതിനകം ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ ഏഴ് ഗര്‍ഭിണികളും അവരുടെ കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ വീടുകളിലും 10 പേര്‍ കൊറോണ കെയര്‍ സെന്ററുകളിലുമാണ്. യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, എഡിഎം ഇപി മേഴ്സി പങ്കെടുത്തു.

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങേണ്ട;
ചുവപ്പ് കാര്‍ഡില്‍ കുടുക്കി അകത്താക്കും 

കണ്ണൂര്‍: വിദേശത്ത് നിന്ന് നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരും നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരും പുറത്തിറങ്ങേണ്ട. പൊലീസ് ചുവപ്പ് കാര്‍ഡ് കാണിച്ച് അകത്താക്കും.
പുതിയ നടപടിയുമായി ബന്ധപ്പെട്ട് എല്ലാ സ്റ്റേഷനുകളിലേക്കും ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിലാസവും നിരീക്ഷണ കാലാവധിയും കുറിക്കാനാകുന്ന ചുവപ്പ് കാര്‍ഡുകള്‍ സ്റ്റേഷനുകളിലേക്ക് എത്തിച്ചുകഴിഞ്ഞു. ജനമൈത്രി പൊലീസിന് കീഴിലെ സന്നദ്ധ പ്രവര്‍ത്തകരെയും കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്ത് വാര്‍ഡ് തല സന്നദ്ധ, സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായവും തേടണം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ നിന്നോ വിദേശത്ത് നിന്ന് വന്നവരില്‍ നിന്നോ കോവിഡ് സാമൂഹ്യ വ്യാപനം തടയുകയാണ് ലക്ഷ്യം.
നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവരെ കുറിച്ച് അറിയിക്കാന്‍ പൊതുജന സഹായവും തേടുന്നുണ്ട്. വിവരങ്ങള്‍ അറിയിക്കാന്‍ 9497964143.

‘ഈ വീട് സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ്’
പോസ്റ്റര്‍ പ്രകാശനം ചെയ്തു
കണ്ണൂര്‍: നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളില്‍ പതിക്കാന്‍ പുറത്തിറക്കിയ പോസ്റ്റര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ടിജെ അരുണിന് നല്‍കി പ്രകാശനം ചെയ്തു. വീടുകളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കുകയും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് നടപ്പിലാക്കുന്ന ലോക്ക് ദി ഹോം പദ്ധതിയുടെ ഭാഗമായാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. പോസ്റ്റര്‍ ഇന്ന് മുതല്‍ ബന്ധപ്പെട്ട വീടുകളില്‍ പതിച്ചുതുടങ്ങും.

പോസ്റ്റര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ടിജെ അരുണിന് നല്‍കി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്യുന്നു